ന്യൂദല്‍ഹി: അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ പുനരവലോകന ഹരജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ അല്ല ദല്‍ഹി ഗവര്‍ണറെന്നും പ്രത്യേക അധികാരം ദല്‍ഹി ലഫ്. ഗവര്‍ണര്‍ക്കുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ റിവ്യൂ ഹരജിക്കായി ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ ലഫ്.ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി വാങ്ങിയതിനുശേഷമായിരിക്കും ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“അവര്‍ (ആം ആദ്മി) പറയുന്നത് ദല്‍ഹി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെപ്പോലെയാണെന്നാണ്. ഗവര്‍ണര്‍മാര്‍ മറ്റ് ഗവര്‍ണര്‍മാരെപ്പോലെയാണെന്നും. ”
അതേസമയം സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
“ദല്‍ഹി ജനതയ്ക്ക് വലിയൊരു വിജയം. ജനാധിപത്യത്തിന് വലിയൊരു വിജയം” എന്നാണ് അദ്ദേഹം വിധി വന്നതിനുശേഷം ട്വീറ്റ് ചെയ്തത്.
ALSO READ: മതസ്പര്‍ധ വളര്‍ത്തിയന്നാരോപിച്ച് വേണുവിനെതിരെ ഡി.വൈ.എഫ്.ഐയുടെ പരാതി; പൊലീസ് കേസെടുത്തു
ലഫ്. ഗവര്‍ണറല്ല സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ദല്‍ഹിയുടെ ഭരണത്തലവന്‍ എന്ന വിധി ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും വലിയ വിജയം സമ്മാനിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനവും സമ്പൂര്‍ണ്ണ സംസ്ഥാന പദവി ഇനിയും നേടിയിട്ടില്ലാത്തതുമായ ദല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പതിനഞ്ച് ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സുപ്രധാനമായ സുപ്രീംകോടതി വിധി വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ അധികാരപരിധികള്‍ ദല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ക്കുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് കടമയുണ്ടെന്നാണ് സുപ്രീം കോടതി വിധിയില്‍ പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ക്ക് പരിശോധിക്കാമെങ്കിലും എല്ലാ വിഷയങ്ങളും രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടേണ്ട ആവശ്യമില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്.
ഭൂമി, പൊലീസ്, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ലഫ്.ഗവര്‍ണര്‍ക്ക് തീരുമാനങ്ങളെടുക്കാമെങ്കിലും ബാക്കിയെല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനു തന്നെയാണ് അധികാരമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുന്ന ലഫ്.ഗവര്‍ണറുടെ നീക്കങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രധാന പരാതി.
2015ല്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ ആം ആദ്മി സര്‍ക്കാരും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലഫ്. ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം പതിവായിരുന്നു. രാഷ്ട്രപതിയുടെയും ലഫ്.ഗവര്‍ണറുടെയും അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
ALSO READ: മാവോയിസ്റ്റ് നേതാവ് ഷൈനക്ക് ജാമ്യം
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം സ്വീകരിച്ചു ലഫ്.ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.
ലഫ്.ഗവര്‍ണറുടെ ഓഫീസില്‍വെച്ച് കെജ്രിവാള്‍ നടത്തിയ സമരത്തിന്റെയും കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ നേട്ടമാണ് ആം ആദ്മി പാര്‍ട്ടിക്ക് ഈ കോടതി വിധി.
ദല്‍ഹിയുടെ എല്ലാ ഭരണസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്ന ദല്‍ഹിയുടെ സംസ്ഥാന പദവിയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ല.
WATCH THIS VIDEO: