ന്യൂദല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം മുന്നോട്ടുവെച്ച ഭേദഗതികള്‍ സ്വീകാര്യമല്ല. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം എന്നത് ഉള്‍പ്പടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളും തള്ളി.
ഇക്കാര്യത്തില്‍ എം.പിമാരുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമായി കസ്തൂരിരംഗന്‍ കമ്മറ്റി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് അതി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. അതിന് ശേഷം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ഈ കമ്മറ്റി പുതിയ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയായിരുന്നു പുതിയ പട്ടിക ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റി തയ്യാറാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം കൊണ്ടുവന്നിരുന്നു. കരട് വിജ്ഞാപനത്തില്‍ അന്തിമ വിജ്ഞാപനമാക്കാന്‍ കഴിയാതെ കഴിഞ്ഞ വര്‍ഷം രണ്ടാമതും കരട് വിജ്ഞാപനം ഇറക്കിയിരുന്നു.