| Monday, 31st July 2023, 4:25 pm

അവിശ്വാസ പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അപമാനിക്കുന്നു: അധീര്‍ രഞജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാതെ സഭയില്‍ ബില്ലുകള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി. കേന്ദ്ര സര്‍ക്കാര്‍ ആദ്യം അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ സ്വയം മനസിലാക്കണമെന്നും അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘സര്‍ക്കാരിനെതിരെ ഞങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്, ലോക് സഭയില്‍ ഇതിന്റെ ചര്‍ച്ചകള്‍ തുടങ്ങണം. സഭയില്‍ സര്‍ക്കാര്‍ മറ്റ് ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ആദ്യം ആരംഭിക്കണം.

അവിശ്വാസ പ്രമേയത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. മറ്റ് ബില്ലുകളും നയങ്ങളും കൊണ്ട് വന്ന് ഇത് പരിഗണിക്കാതിരിക്കുന്നത് പാര്‍ലമെന്റിനെ അപമാനിക്കലാണ്. അവിശ്വാസ പ്രമേയം മാറ്റിവെച്ച് മറ്റെല്ലാ ചര്‍ച്ചകളും നടത്തുന്ന സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ല,’ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ അട്ടിമറിക്കാനും ജനങ്ങളുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് തിരിച്ചുവിടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ സര്‍ക്കാര്‍ സഭയില്‍ ബില്ലുകള്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ അവിശ്വാസ പ്രമേയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കണം. അതുകൊണ്ട് ഭൂകമ്പം ഉണ്ടാകാനോ ആകാശം ഇടിഞ്ഞുവീഴാനോ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു.

അതേസമയം, അധീര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഭരണപക്ഷ എം.പിമാര്‍ മണിപ്പൂര്‍ ചെന്ന് സന്ദര്‍ശിച്ച് അവിടത്തെ സ്ഥിതിഗതികള്‍ സ്വയം മനസിലാക്കി കഴിഞ്ഞാല്‍ സ്വാഭാവികമായും പ്രസ്താവന നടത്തില്ലെന്നും ചൗധരി പറഞ്ഞു.

മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ ഗവര്‍ണര്‍ക്ക് മെമ്മോറണ്ടം നല്‍കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ശോചനീയമാണെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ അനുസൂയ യുകേയ്ക്ക് നല്‍കിയ മെമ്മോറണ്ടത്തില്‍ ആവശ്യപ്പെടുന്നു.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് സംശയാതീതമായി വ്യക്തമാകുന്നുണ്ടെന്നും മെമ്മോറണ്ടത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസംഗതയാണ് കാണിക്കുന്നതെന്നും മെമ്മോറണ്ടത്തില്‍ പറയുന്നു. മണിപ്പൂര്‍ കലാപം പെട്ടെന്ന് തീര്‍ന്നില്ലെങ്കില്‍ രാജ്യത്തിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പോലും കാരണമാകുമെന്ന് ഗവര്‍ണറെ കണ്ടതിന് ശേഷം അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു..

Content Highlights: Centre government Insulting parliament  by not discussing no confidence motion: adhir ranjan chawdari

We use cookies to give you the best possible experience. Learn more