| Wednesday, 26th July 2023, 1:05 pm

ഇ.ഡി മേധാവിയുടെ കാലാവധി നീട്ടണം; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ് ഡയറകടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് ഗവായ് മുന്‍പാകെയാണ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ വൈകിട്ട് മൂന്നരക്ക് ബെഞ്ച് അപേക്ഷ പരിഗണിക്കും.

നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജൂലൈ 31 വരെ സഞ്ജയ് കുമാറിന് പദവി ഒഴിയാന്‍ കോടതി സമയം അനുവദിക്കുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയുടെ വിധിയുണ്ടായിട്ടും മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

1984 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018ലാണ് ഇ.ഡി. ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ രണ്ട് വര്‍ഷത്തെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടി സര്‍ക്കാര്‍ ഉത്തരവ് പുതുക്കി. ഇതിനെതിരെ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീം കോടതി ശരിവെക്കുകയും വീണ്ടും നീട്ടി നല്‍കരുതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. തുടര്‍ന്ന് 2022 നവംബറില്‍ മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷം കൂടി കാലാവധി നീട്ടി. ഇവ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിക്ക് മുന്നില്‍ ഹരജികളെത്തിയത്.

എന്നാല്‍ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതില്‍ വ്യക്തിപരമായ ഒരു താല്‍പര്യവുമില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ അവലോകന യോഗം ചേരാന്‍ ഇരിക്കുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍ ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്ജയ് മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു.

Content Highlight: Centre government goes to supreme court seeking extention for ed chief

We use cookies to give you the best possible experience. Learn more