ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിരവധി കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിയമങ്ങള്‍ നടപ്പാക്കിയതെന്നും പിന്‍വലിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. വൈകുന്നേരമാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായീകരിക്കാന്‍ കഴിയുന്നതോ സ്വീകാര്യമോ അല്ല. നിയമം പെട്ടെന്ന് കൊണ്ടു വന്നതല്ല. രണ്ട് പതിറ്റാണ്ടുകളായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപ്പാക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും നിയമം സ്വീകാര്യമാണ്. ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് അതിനെതിരെ പ്രതിഷേധിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
സമരവുമായി ബന്ധപ്പെട്ട തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും സര്‍ക്കാര്‍ ആരോപിക്കുന്നു.
അതിനിടെ ജനുവരി 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്. കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി.
രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.
പല സംസ്ഥാനങ്ങളും കാര്‍ഷിക നിയമത്തിനെതിരെ രംഗത്തുവന്നതും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേദഗതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക