Advertisement
India
ദ ടെലഗ്രാഫും ദ ഹിന്ദുവുമടക്കമുള്ള പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നത് നിര്‍ത്തിവെച്ച് മോദി സര്‍ക്കാര്‍; ഹിന്ദുവിന് പരസ്യം നിഷേധിച്ചത് റഫാല്‍ രേഖകള്‍ പുറത്തുവിട്ടതിനു പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 29, 06:41 am
Saturday, 29th June 2019, 12:11 pm

ന്യൂദല്‍ഹി: മൂന്ന് പ്രമുഖ മാധ്യമ ഗ്രൂപ്പുകള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. ദ ടെലഗ്രാഫ് പ്രസിദ്ധീകരിക്കുന്ന എ.ബി.പി ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ്, ദ ഹിന്ദു ന്യൂസ് പേപ്പര്‍ എന്നിവയ്ക്ക് പരസ്യങ്ങള്‍ നല്‍കുന്നതാണ് അവസാനിപ്പിച്ചതെന്ന് റോയിറ്റേഴ്‌സിനെ ഉദ്ധരിച്ച് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ അത്തരമൊരു ഫ്രീസിങ് ഉണ്ട്’, ടൈംസ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ബെനറ്റ് ആന്റ് കോള്‍മാന്‍ ആന്റ് കോയിലെ എക്‌സിക്യുട്ടീവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

‘അവരെ അസ്വസ്ഥരാക്കിയ ചില റിപ്പോര്‍ട്ടുകള്‍ കാരണമാകാം ഇത്’ എന്നും അദ്ദേഹം പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈംസ് ഗ്രൂപ്പിന്റെ പരസ്യത്തില്‍ 15% സര്‍ക്കാര്‍ പരസ്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറുമാസത്തിനിടെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ 15% ഇടിവുണ്ടായെന്നാണ് രണ്ട് എ.ബി.പി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ‘ എഡിറ്റോറിയല്‍ കവറേജിന്റെ കാര്യത്തില്‍ നിങ്ങള്‍ സര്‍ക്കാറിന് വഴങ്ങുന്നില്ലെങ്കില്‍, സര്‍ക്കാറിനെതിരെ എന്തെങ്കിലും എഴുതുകയാണെങ്കില്‍ അതിനുള്ള ശിക്ഷ പരസ്യവിതരണത്തില്‍ തീര്‍ച്ചയായും കാണും’ എന്നാണ് ജീവനക്കാരിലൊരാള്‍ പറഞ്ഞത്.

‘മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടതുണ്ട്. എന്തൊക്കെ തന്നെ സംഭവിച്ചാലും’ രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റഫാര്‍ കരാറുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ദ ഹിന്ദു പത്രത്തിന് സര്‍ക്കാര്‍ പരസ്യം ലഭിക്കാതെയായത്. ദ ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ എന്‍ റാമിന്റെ അന്വേഷണ റിപ്പോര്‍ട്ട് റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ദ ടെലഗ്രാഫിന്റെ തലക്കെട്ടുകള്‍ വലിയ ശ്രദ്ധനേടിയിരുന്നു.

ഇന്ത്യന്‍ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോഴും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നിരപരാധികള്‍ അഴിക്കുള്ളിലാവുകയും ചെയ്യുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ ‘THE NASHUN’ എന്ന തലക്കെട്ടു നല്‍കിയാണ് ടെലിഗ്രാഫ് വിമര്‍ശിച്ചത്.

ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അന്‍സാരിയെന്ന യുവാവ് കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ടു ചെയ്തുകൊണ്ടുള്ള ടെലഗ്രാഫിന്റെ തലക്കെട്ടും ചര്‍ച്ചയായിരുന്നു. ‘ഗാന്ധിയുടെ ഇന്ത്യയില്‍ കൊല്ലരുതെന്ന് പ്രധാനമന്ത്രി; മോദിയുടെ ഇന്ത്യയില്‍ അവര്‍ വീണ്ടും കൊന്നു’ എന്നായിരുന്നു തലക്കെട്ട്.