ന്യൂദല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന കാവേരി ജലവിതരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി രൂപീകരിച്ചു. ഫെബ്രുവരി 16നു വന്ന സുപ്രീം കോടതി വിധിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു അതോറിറ്റി രൂപീകരണം. ആറ് ആഴ്ച്ചക്കുള്ളില്‍ അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും ഇപ്പോഴാണ് ചെയര്‍മാന്‍ അടക്കം ഒരു പത്തംഗ അതോറിറ്റി രൂപീകരിക്കുന്നതായി കേന്ദ്രം നോട്ടിഫിക്കേഷന്‍ ഇറക്കിയത്.
ജലം സുലഭമായ മാസങ്ങളിലും അല്ലാത്തപ്പോഴും ഈ അതോറിറ്റി ആയിരിക്കും തമിഴ്നാട്, കര്‍ണ്ണാടക,കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കാവേരിയില്‍ നിന്നും നല്‍കുന്ന വെള്ളത്തിന്റെ അളവും മറ്റുവിഷയങ്ങളും തീരുമാനിക്കുക. ഈ സംസ്ഥാനങ്ങളെല്ലാം അതോറിറ്റിയുടെ രൂപീകരണത്തിനുവേണ്ടി നാളുകളായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. സുപ്രീംകോടതി ചില മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയ കാവേരി ട്രിബ്യുണലിന്‍റെ നിര്‍ദേശങ്ങളായിരിക്കും അതോറിറ്റി നടപ്പാക്കുക.
Also Read പശ്ചിമബംഗാളില്‍ രണ്ട് ദിവസത്തിനിടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തൂങ്ങിമരിച്ച നിലയില്‍
അന്നത്തെ വിധിയില്‍ കര്‍ണാടകത്തിന് എടുക്കാവുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതിലും തമിഴ്‌നാടിന്റെ പങ്കു കുറച്ചതിലും തമിഴ്നാട് ഗവണ്‍മെന്റ് അതൃപ്തി അറിയിച്ചിരുന്നു. നോട്ടിഫിക്കേഷന്‍ പ്രകാരം അതോറിറ്റി ഈ തീരുമാനങ്ങള്‍ നടപ്പാക്കുകയായിരിക്കും ചെയ്യുക. അതോറിറ്റിയുടെ തീരുമാനങ്ങളോട് നാല് സംസ്ഥാനങ്ങളും സഹകരിച്ചില്ലെങ്കില്‍ കേന്ദ്ര സഹായത്തോടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള അധികാരവും അതോറിറ്റിക്ക് ഉണ്ടായിരിക്കും.
ജലവിതരണ പ്രശ്നങ്ങളിലും സംസ്ഥാങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും ഇടപ്പെട്ടു പരിചയമുള്ള എഞ്ചിനീയറോ ഐ.എ.എസ് ഉദ്യോഗസ്ഥനോ ആയിരിക്കും അതോറിറ്റിയുടെ ചെയര്‍മാന്‍ ആവുക. മറ്റു അംഗങ്ങളില്‍ രണ്ടു മുഴുവന്‍ സമയ അംഗങ്ങളും രണ്ടു പാര്‍ട്ട് ടൈം അംഗങ്ങളുമുണ്ടാകും. ബാക്കി നാലുപേര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളായിരിക്കും. ഇതുകൂടാതെ ഒരു സെക്രട്ടറിയുമുണ്ടായിരിക്കും.
കേന്ദ്രസര്‍ക്കാരിന് തന്നെ തലവേദനയായ തമിഴ്‌നാടും കര്‍ണാടകവും തമ്മിലുള്ള കാവേരിനദീ ജല തര്‍ക്കങ്ങള്‍ക്ക് ഇത് വഴി ഫലപ്രദമായ ഒരു പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കേന്ദ്രം കരുതുന്നത്.