| Saturday, 4th May 2019, 11:43 am

സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കരുത്; റഫാല്‍ കേസില്‍ കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതിയുടെ ഡിസംബറിലെ ഉത്തരവ് മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കരുതെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.

ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.എ.ജി പരിശോധിച്ചതാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്തു നിശ്ചയിച്ചിരുന്ന വിലയെക്കാളും 2.86 ശതമാനം കുറവാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തെ ഇടപാടിനെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചതിനെ സമാന്തര ചര്‍ച്ചയെന്നു വിശേഷിപ്പിക്കാനാവില്ല. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ഫയല്‍ ചെയ്തിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യഫയല്‍ കുറിപ്പുകളാണ്. കരാര്‍ വ്യവസ്ഥകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ ഏജന്‍സികള്‍ നല്‍കിയ ശുപാര്‍ശകള്‍ അടങ്ങുന്നതാണ് ഈ ഫയല്‍ കുറിപ്പുകള്‍. എന്നാല്‍ ഈ ഫയല്‍ കുറിപ്പുകള്‍ അന്തിമതീരുമാനമായി കണക്കാക്കാനാകില്ലെന്നും കേന്ദ്രം പറഞ്ഞു.

നേരത്തേ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ശനിയാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇന്നു സത്യവാങ്മൂലം നല്‍കിയത്.

മറുപടി നല്‍കാന്‍ നാലാഴ്ച സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും നാല് ദിവസമേ തരാനാകൂ എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. കേസ് ഇനി മെയ് 6-ന് പരിഗണിക്കും.

ഏപ്രില്‍ 10-ന് കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും, കേന്ദ്രസര്‍ക്കാരിന്റെ ഈ സ്വകാര്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more