| Friday, 5th February 2021, 9:58 pm

റിഹാനയേയും ഗ്രെറ്റയേയും പ്രതിരോധിക്കാന്‍ കേന്ദ്രം സച്ചിനെ നിയോഗിച്ചു: ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: കര്‍ഷക സമരത്തെ പിന്തുണച്ച ഗ്രെറ്റ തന്‍ബര്‍ഗിനേയും റിഹാനയേയും പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നിയോഗിച്ചതെന്ന് ആര്‍.ജെ.ഡി ദേശീയ പ്രസിഡണ്ട് ശിവാനന്ദ് ചൗധരി. സച്ചിന് ഭാരത രത്‌ന നല്‍കിയത് അപമാനമായിപ്പോയെന്നും ചൗധരി പറഞ്ഞു.

സച്ചിനെപ്പോലുള്ളവരുടെ പ്രസ്താവനയുടെ പിന്‍ബലത്തില്‍ ലോകത്തിന്റെ കണ്ണ് മൂടിക്കെട്ടാമെന്ന് സര്‍ക്കാര്‍ കരുതിയോയെന്നും ചൗധരി ചോദിച്ചു.

സച്ചിന്‍, കോഹ്‌ലി, അക്ഷയ് കുമാര്‍, രവി ശാസ്ത്രി തുടങ്ങിയവര്‍ റിഹാനയുടേയും ഗ്രെറ്റയുടേയും പ്രതികരണം പ്രൊപഗാണ്ടയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കോഹ്‌ലിയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.

‘ വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre fielded Tendulkar to counter comments from Rihanna, Thunberg: RJD leader

We use cookies to give you the best possible experience. Learn more