ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന്റെ അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. വിഷയത്തില്‍ സുപ്രീം കോടതിയില്‍ സൂക്ഷ്മമായ വാദം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.
ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31 ആയിരുന്നു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.
ആധാര്‍ ബന്ധിപ്പിക്കുന്നത് മാര്‍ച്ച് 31വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
2002 ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടില്‍ വരുത്തിയ ഭേദഗതിയിലാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ സാമ്പത്തിക ഇടപാടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയതിയില്‍ ഭേദഗതി വരുത്തുകയായിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിന്റെ തിയതി മാത്രമാണ് നീട്ടിയത്. മൊബൈല്‍ ഫോണ്‍, പാന്‍ തുടങ്ങിയവയുമായി ആധാര്‍ ബന്ധിപ്പിക്കുന്ന തിയതിയില്‍ മാറ്റമില്ല.