| Wednesday, 28th July 2021, 4:59 pm

ടി.പി.ആര്‍. ഉയര്‍ന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം; കൊവിഡ് നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ടി.പി.ആര്‍. ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്നത് വരെ അലംഭാവത്തിന് യാതൊരു ഇടവുമില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഉത്സവ സീസണുകള്‍ അടുത്തതിനാല്‍ ആളുകള്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. കൊവിഡ് കുറയുന്ന സ്ഥലങ്ങളില്‍ സാവധാനം നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നും നിര്‍ദേശത്തിലുണ്ട്.

എന്നാല്‍ ഇളവ് നല്‍കുന്നത് നന്നായി ശ്രദ്ധിച്ചാവണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,654 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 640 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം 3,14,84,605 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 3,06,63,147 പേര്‍ ഇതിനകം രോഗമുക്തരായി. 41,678 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടി.

3,99,436 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 4,22,022 പേരുടെ ജീവന്‍ ഇതുവരെ കൊവിഡ് കവര്‍ന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Centre extends Covid guidelines till Aug 31

We use cookies to give you the best possible experience. Learn more