| Saturday, 16th March 2024, 12:29 pm

യാസീന്‍ മാലികിന്റെ ജെ.കെ.എല്‍.എഫിന്റെ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസീന്‍ മാലിക് നയിക്കുന്ന ജമ്മു കശ്മീർ ലിബറേഷന്‍ ഫ്രണ്ടിന്റെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര വകുപ്പിന്റേതാണ് നടപടി.

രാജ്യ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വിവരം എക്‌സിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അമിത് ഷാ പറഞ്ഞു.

2019ലാണ് ജെ.കെ.എല്‍.എഫിനെ നിരോധിത സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സംഘടന നല്‍കിയെന്നാണ് നിരോധനം നീട്ടിയതിനെ വിശദീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. യാസീന്‍ മാലിക് ഉള്‍പ്പെടെയുള്ള ജെ.കെ.എല്‍.എഫിന്റെ നേതാക്കള്‍ നിലവില്‍ ജീവപര്യന്തം തടവിലാണ്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തി എന്ന കുറ്റത്തിലാണ് ഇവരെ ശിക്ഷിച്ചത്. ഇതിനിടെയാണ് നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Content Highlight: centre extended ban on yasin maliks jklf by 5 more years

We use cookies to give you the best possible experience. Learn more