ബി.ജെ.പിയിലെ ചേരിപ്പോരില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്രം; തെരഞ്ഞെടുപ്പ് സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് വിലയിരുത്തല്‍
Kerala
ബി.ജെ.പിയിലെ ചേരിപ്പോരില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്രം; തെരഞ്ഞെടുപ്പ് സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് വിലയിരുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd November 2020, 1:06 pm

 

ന്യൂദല്‍ഹി: സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനിടയിലുണ്ടായ പരസ്യ പോരില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര നേതൃത്വം.

തെരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ ഈ ചേരിപ്പോര് പാര്‍ട്ടിയുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം.

തെരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ ഈ ഭിന്നതയില്‍ ദേശീയ അധ്യക്ഷന്‍ അടക്കമുള്ളവര്‍ക്ക് കടുത്ത അതൃപ്തിയുമുണ്ട്. അച്ചടക്കനടപടിയടക്കമുള്ള അഴിച്ചുപണിയിലേക്ക് കേന്ദ്രം കടക്കുമെന്ന സൂചനകളുമുണ്ട്.

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സമരങ്ങള്‍ കടുപ്പിക്കേണ്ട സമയത്ത് പാര്‍ട്ടിയിലെ ഭിന്നത പുറത്തുവന്നതിലെ അതൃപ്തി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പരസ്യപ്രതികരണങ്ങളിലേക്കടക്കം നേതാക്കള്‍ കടന്നതും കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിമത പക്ഷവും നിലവില്‍ പരാതിയുമായി ദേശീയ അധ്യക്ഷനെ സമീപിച്ചിട്ടുണ്ട്. കെ. സുരേന്ദ്രന്‍ അധ്യക്ഷനായതോടെ തങ്ങളെ ഒതുക്കുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്‍ പക്ഷത്തിന്റെ പരാതി. എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണം.

ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് കേന്ദ്രനേതൃത്വം സംസ്ഥാന ബി.ജെ.പിയിലെ തര്‍ക്കത്തില്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന ബി.ജെ.പിക്കെതിരെയും അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രനും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി. എം വേലായുധനും രംഗത്തെത്തിയിരുന്നു.

പദവി വാഗ്ദാനം ചെയ്ത് സുരേന്ദ്രന്‍ പറ്റിച്ചുവെന്നാണ് വേലായുധന്‍ പറഞ്ഞത്. തന്നെപ്പോലെ ഒട്ടേറെ പേര്‍ ഇതുപോലെ വീടുകളില്‍ ഇരിക്കുകയാണെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയക്കുകയും ചെയ്തിരുന്നു.

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് ശോഭ പരാതി നല്‍കിയത്.

ബി.ജെ.പി അണികളില്‍ നിര്‍ണായക സ്വാധീനം ഉള്ള നേതാക്കളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിനിടെ ശോഭാ പാര്‍ട്ടി വിട്ടാലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സഹകരിക്കാതിരുന്നാലും അത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ ക്ഷീണം ഉണ്ടാക്കും.

കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു.

ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

പാര്‍ട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന പദവികളിലേക്ക് തരം താഴ്ത്തിയെന്നും പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശോഭയുടെ പരാതിക്കുപിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre expresses dissatisfaction with BJP’s infighting