ന്യൂദല്‍ഹി: രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ തള്ളാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം. കൊളോണിയല്‍ കാലത്തെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെ പശ്ചാത്തലത്തില്‍ സെക്ഷന്‍ 124 എ (രാജ്യദ്രോഹ നിയമം) യുടെ എല്ലാ വശങ്ങളും ഒരു ഭരണഘടനാ ബെഞ്ച് ഇതിനകം പരിശോധിച്ചിട്ടുണ്ട്, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
ഒറ്റപ്പെട്ട അവസരങ്ങളില്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനുള്ള നിയമം പുനഃപരിശോധിക്കേണ്ടതില്ലെന്നും ദുരുപയോഗം തടയുന്നതിനുള്ള പരിഹാര മാര്‍ഗം കണ്ടെത്തുകയാണ് ആവശ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര എന്നിവരുള്‍പ്പെടെ അഞ്ച് കക്ഷികളാണ് രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്.
Content Highlights: Centre defends sedition law, says no need for Supreme Court to relook past judgment