| Tuesday, 11th September 2018, 10:55 am

ഇന്ധന വില കുറക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ധന വില കുറക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. എക്‌സൈസ് തീരുവ കുറക്കാന്‍ കഴില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നികുതി കുറക്കുന്നത് ധനക്കമ്മിയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം

ധനക്കമ്മി ഉയരുന്നത് രൂപയെ ദുര്‍ബലമാക്കുമെന്നും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുമെന്നും പെട്രോള്‍ വില കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നും കേന്ദ്രം പറയുന്നു.


ദല്‍ഹിയില്‍ ആള്‍ദൈവം സ്ത്രീയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും ബലാത്സംഗം ചെയ്തതായി പരാതി


ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും വലിയ എക്‌സൈസ് തീരുവ ഈടാക്കിയ സമയം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിന്റെ വാദത്തിന് പിന്നില്‍ ഒരു യുക്തിയും ഇല്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഡീസലിന്റെയും പെട്രോളിന്റേയും വിലയില്‍ വലിയ ശതമാനം വര്‍ധനയാണ് ഉണ്ടായത്. ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ അവര്‍ വര്‍ധിപ്പിച്ച നിരക്ക് കുറക്കണം. അതുണ്ടാകുന്നില്ല. ഒരു സംസ്ഥാനവും വാറ്റ് നികുതി ആരും വര്‍ധിപ്പിച്ചിട്ടില്ല. മാത്രമല്ല കേരളം പോലുള്ള സംസ്ഥാനങ്ങള്‍ അത് കുറക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്ന സമയത്ത് വില കുറച്ചില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസിലാകുന്നില്ല. നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ അപ്പുറം ഗൗരവതരമാണ് കേന്ദ്രസര്‍ക്കാരിന്റെ ധനസ്ഥിതിയെന്ന് വേണം മനസിലാക്കാനെന്നും തോമസ് ഐസ്‌ക പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില കുതിക്കുകയാണ്. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ദ്ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

മുംബൈ പെട്രോള്‍ ലിറ്ററിന് 88.12 രൂപയും ഡീസലിന് 77.32 രൂപയുമാണ്. ദല്‍ഹിയില്‍ പെട്രോളിന് 80.77 രൂപയും ഡീസലിന് 72.89 രൂപയും.

ഇന്ധന വിലവര്‍ധന താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമാണന്നും നികുതി കുറക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്തി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more