തിരുവനന്തപുരം: ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം.
കേന്ദ്രം ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സുരേന്ദ്രന്‍ തിടുക്കം കാട്ടിയെന്നാണ് നേതൃത്വത്തിന്റെ വിമര്‍ശനം. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പ്രഖ്യാപനത്തിന് മുമ്പ് ആലോചന നടന്നില്ലായെന്നതാണ് അതൃപ്തിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സുരേന്ദ്രന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് കേന്ദ്രനേതൃത്വുവുമായോ ബന്ധപ്പെട്ട നേതാക്കളുമായോ കൂടിയാലോചന നടത്തിയില്ലെന്നും ഇക്കാര്യത്തില്‍ തിടുക്കം കാണിച്ചെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരന്‍ മത്സരിക്കുമെന്ന് സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയായ കേരള വിജയയാത്രയുടെ തിരുവല്ലയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. സംഭവം വിവാദമായതോടെ അത് തിരുത്തികൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.
‘പാര്‍ട്ടി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയെന്ന് പത്രവാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. പിന്നീട്, ഞാന്‍ പാര്‍ട്ടി നേതാവിനെ വിളിച്ച് ഇക്കാര്യം ക്രോസ് ചെക്ക് ചെയ്തു. അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.’ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം
ഇതിന് പിന്നാലെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞ് സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ശ്രീധരന്റെ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു സുരേന്ദ്രന്റെ തിരുത്ത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ശ്രീധരന്റെ നേതൃത്വത്തില്‍ അഴിമതിരഹിത സര്‍ക്കാരുണ്ടാക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.
ഫെബ്രുവരി 26 നാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ അംഗത്വമെടുത്തത്. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരനും നേരത്തെ പറഞ്ഞിരുന്നു.
‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’ എന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക