| Friday, 3rd December 2021, 10:19 am

യു.പിയിലേക്ക് ഭീമമായ ഫണ്ടൊഴുക്കി കേന്ദ്രം; ലക്ഷ്യം തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായി റിപ്പോര്‍ട്ട്. അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 മുതല്‍ പ്രൊപ്പോസലുകളുടെയും അത് അംഗീകരിച്ചു നല്‍കുന്നതിന്റെയും വേഗത കൂട്ടിയെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സാമ്പത്തിക വര്‍ഷത്തില്‍ (2021-22) 28,700 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡാറ്റ കാണിക്കുന്നു.

സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2018-19 ല്‍ യു.പി പൊതുമരാമത്ത് വകുപ്പിന്റെയും (പി.ഡബ്ല്യു.ഡി) നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും (എന്‍.എച്ച്.എ.ഐ) 9,281 കോടി രൂപയുടെ 450 കിലോമീറ്റര്‍ ഹൈവേ പദ്ധതികള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി.

2019-20ല്‍ 9,203 കോടി രൂപയുടെ 750 കിലോമീറ്റര്‍ ഹൈവേകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി, 2020-21ല്‍ 13,749 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി കൊടുത്തു. ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ പി.ഡ.ബ്ല്യു.ഡിയും എന്‍.എച്ച്.എ.ഐയും അയച്ച എല്ലാ നിര്‍ദേശങ്ങളും കേന്ദ്രം അംഗീകരിച്ചു.

ഈ സാമ്പത്തിക വര്‍ഷം എന്‍.എച്ച്.എ.ഐയില്‍ നിന്നും പി.ഡബ്ല്യു.ഡിയില്‍ നിന്നും സംസ്ഥാനത്തെ ഹൈവേകള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളില്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്‍.എച്ച്.എ.ഐ 20,926 കോടി രൂപയുടെ 502 കിലോമീറ്റര്‍ ഹൈവേകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ പി.ഡബ്ലു.ഡി 543 കിലോമീറ്റര്‍ റോഡിന് 7,787 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു.

മൊത്തം പ്രൊപ്പോസല്‍ ഏകദേശം 28,700 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ 6,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Centre Considered Highway Projects Worth Rs 60K Cr in UP Since 2018, Half of Them This Poll-Bound Year

We use cookies to give you the best possible experience. Learn more