ന്യൂദല്‍ഹി: ഓരോ വോട്ടു ചെയ്യുമ്പോഴും പേപ്പര്‍ പ്രിന്റ് ലഭിക്കുന്ന സംവിധാനമുള്ള പുതിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ ഫണ്ട് റിലീസ് ചെയ്യാമെന്ന് കേന്ദ്രം. 3000കോടി രൂപ അനുവദിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
വോട്ടിങ് മെഷീനുകള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഫണ്ട് റിലീസ് ചെയ്യണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യം പരിഗണിച്ചാണിത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് വ്യക്തമാക്കുന്ന പേപ്പര്‍ രസീതി ലഭിക്കുകയും ഇത് മറ്റൊരുപെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന വിവിപാറ്റ് അവഥാ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ഫണ്ടിയനായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്.
വി.വി.പാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ 2013ല്‍ തന്നെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇത് ഉപയോഗ യോഗ്യമാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതിരുന്നതോടെ പദ്ധതിയ്ക്കുവേണ്ട മുന്നൊരുക്കങ്ങള്‍ തടസപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ അടുത്തിടെ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വി.വിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ വൈകുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാറും തെരഞ്ഞെടുപ്പു കമ്മീഷനും വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്.
വി.വിപാറ്റ് വോട്ടിങ് മെഷീനുകള്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് മായാവതിയുടെ ബി.എസ്.പിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വി.വിപാറ്റ് ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്കു തന്നെ പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടിങ് മെഷീന്‍ അട്ടിമറി നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്.