| Monday, 9th February 2015, 12:48 am

ആണവ ദുരന്തമുണ്ടായാല്‍ വിദേശ കമ്പനിക്കെതിരെ നടപടിക്ക് അവകാശമില്ല: മോദി-ഒബാമ കരാറിന്റെ വിശദാംശം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യ-യു.എസ് ആണവ കരാറുമായി ബന്ധപ്പെട്ടുണ്ടാക്കിയ ധാരണ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ആണവ ദുരന്തമുണ്ടായാല്‍ വിദേശ ആണവോര്‍ജ വിതരണക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ അവകാശമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ദുരന്തമുണ്ടായാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരവും വിദേശ കമ്പനികളില്‍ നിന്ന് ലഭിക്കില്ല. അത് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവാദിത്വമായിരിക്കും. വിദേശ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. ആണവ സഹകരണം, ബാധ്യത, ആണവ ദുരന്തമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരം തുടങ്ങിയവയെ കുറിച്ച് നിരന്തരം ഉന്നയിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന രീതിയിലാണ് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പ് പുറത്തിറക്കിയത്.

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു മൂന്നു ദിവസം മുമ്പ് ലണ്ടനില്‍ ചേര്‍ന്ന ഇന്തോ-യു.എസ് ന്യൂക്ലിയര്‍ കോണ്‍ടാക്ട് ഗ്രൂപ്പ് യോഗത്തില്‍ മൂന്നുവട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ആണവ ബാധ്യതാ നിയമം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചത്.

ഈ യോഗത്തിലെത്തിയ ധാരണകള്‍ ഒബാമയുടെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംഗീകരിക്കുകയായിരുന്നെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി.

കരാറില്‍ ധാരണയിലെത്തി രണ്ടാഴ്ചക്കു ശേഷമാണ് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത്. ആണവ ബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാരണയിലെത്തിയത്. ആണവ ബാധ്യതാ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ തയ്യാറായതോടെയാണ് കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ആണവ ബാധ്യത സംബന്ധിച്ചും ആണവനിലയങ്ങളിലെ പരിശോധന സംബന്ധിച്ചുമായിരുന്നു പ്രധാന ഒത്തുതീര്‍പ്പുകള്‍.

ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള കരാര്‍ പ്രകാരം ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്തം നടത്തിപ്പുകാരനായിരിക്കും. ആണവോര്‍ജം വിതരണം ചെയ്യുന്ന വിദേശ കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാകില്ല. മറ്റ് നിയമങ്ങള്‍ പ്രകാരം ആണവദുരന്തത്തിന് നഷ്ടപരിഹാരം തേടാന്‍ ബാധ്യതാ നിയമം അനുവദിക്കുന്നില്ല. ബാധ്യതാ നിയമത്തിലെ ഈ വ്യവസ്ഥയുടെ പരിധിയില്‍ വിതരണക്കാരെയും കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ടുള്ള ഭേദഗതികള്‍ പാര്‍ലമെന്ററിലെ ചര്‍ച്ചയ്ക്കിടയില്‍ അവതരിപ്പിച്ചിരുന്നു. എന്നാലത് വോട്ടിനിട്ട് തള്ളി.

സിവില്‍ ലയബിലിറ്റിറ്റി ഫോര്‍ ന്യൂക്ലിയാര്‍ ഡാമേജ് ആക്ട് 2010 (സി.എല്‍.എന്‍.ഡി) നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിട്ടില്ലെന്ന് മന്ത്രാലയത്തിന്റെ അവകാശവാദം. നിയമത്തിലെ 46ാം വകുപ്പ് പ്രകാരം ബാധ്യത പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന രാജ്യത്തിനായിരിക്കും.

നിയമത്തിലെ 17 ബി ഉപവകുപ്പ് പ്രകാരം ഓപറേറ്റര്‍ക്ക് ആണവ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനിയെ ആശ്രയിക്കാം. കരാര്‍ സമയത്ത് ഇതു സംബന്ധിച്ച ധാരണയുണ്ടാകണം. ഇന്ത്യയില്‍ പൊതു മേഖലാ സ്ഥാപനമായി ആണവോര്‍ജ കോര്‍പറേഷന്‍ (എന്‍.പി സി.ഐ.എല്‍) ആണ് ഓപറേറ്റര്‍.

ആണവ ബാധ്യതാ നിയമപ്രകാരം 1,500 കോടി രൂപയാണ് ഓപറേറ്റര്‍ നല്‍കേണ്ടത്. രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഒന്നിച്ചു നിന്നാലും 750 കോടി മാത്രമേ നീക്കിവെക്കാനാകൂ. മൊത്തം ആസ്തിയുടെ മൂന്ന് ശതമാനം മാത്രമേ പുതിയ സംരംഭത്തിന് നീക്കിവെക്കാന്‍ ഇന്‍ഷ്വറന്‍സ് ചട്ടങ്ങള്‍ പ്രകാരം സാധിക്കൂ. ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാകുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിച്ചതിനെ വലിയ മുന്നേറ്റമെന്നാണ് ബറാക് ഒബാമ വിശേഷിപ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more