സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജഡ്ജിയുടെ പ്രമോഷന്‍ തടഞ്ഞുവെച്ച് കേന്ദ്രസര്‍ക്കാര്‍
India
സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജഡ്ജിയുടെ പ്രമോഷന്‍ തടഞ്ഞുവെച്ച് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2019, 3:39 pm

 

ന്യൂദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജഡ്ജിയുടെ പ്രമോഷന്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി ഉയര്‍ത്തിക്കൊണ്ടുള്ള കൊളീജിയം ശുപാര്‍ശയാണ് കേന്ദ്ര അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് വൈകുന്നത്.

2010ലാണ് സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജസ്റ്റിസ് ഖുറേഷി ഉത്തരവിട്ടത്.

ദവയറാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 2010ലാണ് സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജസ്റ്റിസ് ഖുറേഷി ഉത്തരവിട്ടത്.

2019 മെയ് 10നാണ് ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, എന്‍.വി രാമണ്ണ എന്നിവരുള്‍പ്പെട്ട കൊളീജിയം ശുപാര്‍ശ ചെയ്തത്. ജൂണ്‍ 9ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.കെ സേത് വിരമിക്കാനിരിക്കെയായിരുന്നു കൊളീജിയത്തിന്റെ ശുപാര്‍ശ.

ജസ്റ്റിസ് ഖുറേഷിയെക്കൂടാതെ മറ്റ് മൂന്നുപേരെക്കൂടി പ്രമോഷന് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ജസ്റ്റിസുമാരായ രാമസുബ്രഹ്മണ്യന്‍, ആര്‍.എസ് ചൗഹാന്‍ എന്നിവരെ യഥാക്രമം ഹിമാചല്‍ പ്രദേശ്, തെലങ്കാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായി ഇതിനകം നിയമിച്ചിട്ടുണ്ട്. മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഡി.എന്‍ പട്ടേലിനെ മെയ് 22ന് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു എന്നിരിക്കെയാണ് ഖുറേഷിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ കിടക്കുന്നത്.

ജസ്റ്റിസ് ഖുറേഷിയുടെ നിയമനം അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് രവി ശങ്കര്‍ ഝായ്ക്ക് മധ്യപ്രദേശ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പദവി നല്‍കിക്കൊണ്ട് ജൂണ്‍ 10ന് ഉത്തരവിട്ടിരുന്നു.