| Monday, 4th May 2020, 5:38 pm

കേന്ദ്രത്തിന്റെ പെരുമാറ്റം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേത് പോലെ; ലോക്ഡൗണിനെ നോട്ടുനിരോധനവുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിനെ നോട്ട് നിരോധനവുമായി താരതമ്യപ്പെടുത്തി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ പെരുമാറ്റം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതു പോലെയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുന്നറിയിപ്പുകളില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കാര്യമായ ആലോചനകളില്ലാതെ തീരുമാനങ്ങളെടുത്ത് പരാജയപ്പെടുന്നു എന്നതാണ് ബി.ജെ.പി സര്‍ക്കാര്‍ നോട്ട് നിരോധനത്തിലും ലോക്ഡൗണിലും നേരിട്ട പൊതുവായ കാര്യമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

‘ലോക്ഡൗണിലും നോട്ട് നിരോധനത്തിലും ബി.ജെ.പി സര്‍ക്കാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ അവഗണിച്ചും ജനങ്ങളുടെ സാമ്പത്തികാവസ്ഥ എന്താണെന്ന് പരിഗണിക്കാതെ സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ ശ്രമിച്ചും സര്‍ക്കാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാകുന്നു’, കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

മോശം ആസൂത്രണം, വിവേക ശൂന്യമായ സമീപനം, യുക്തിരഹിതമായ തീരുമാനമെടുക്കല്‍ എന്നിവയാണ് ലോക്ഡൗണിലും നോട്ട് നിരോധനത്തിലും സര്‍ക്കാരിനുണ്ടായിരുന്ന പൊതു സ്വഭാവമെന്നും ഷെര്‍ഗില്‍ പറഞ്ഞു.

നോട്ട് നിരോധനം മൂലമുണ്ടായ ഗുരുതര പ്രശ്‌നങ്ങളെ പൂര്‍ണമായും മറച്ചുവെച്ചുകൊണ്ടുള്ള ഒട്ടകപക്ഷി നയമായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. സാമ്പത്തിക രംഗത്തിന് ഓക്‌സിജന്‍ പകര്‍ന്നുനല്‍കേണ്ട ഈ അടിയന്തിര ഘട്ടത്തില്‍ സര്‍ക്കാര്‍ പൂര്‍ണ അവഗണനയാണ് നടത്തുന്നത്. സാധാരണക്കാരും തൊഴിലാളികളുമടങ്ങുന്ന പൊതുജനങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പുമാണ് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചിന്തേണ്ടിവരുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

പി.പിഇ, ടെസ്റ്റ് കിറ്റുകള്‍ തുടങ്ങിയവയുടെ വിതരണത്തിലും സര്‍ക്കാരിനുണ്ടായിരുന്നത് മോശം ആസൂത്രണമായിരുന്നു. കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ പിടിപ്പുകേടുണ്ടായി. നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചതും എസ്.ബി.ഐ നിക്ഷേപങ്ങളുടെ പലിശ കുറച്ചതും എണ്ണ വില ഉയര്‍ത്തിയതും കുടിയേറ്റ തൊഴിലാളികളുടെ പക്കല്‍നിന്നും പണം ഈടാക്കിയതും സര്‍ക്കാരിന്റെ തീരുമാനങ്ങളിലെ യുക്തിയില്ലായ്മ വ്യക്തമാക്കുന്നതാണെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more