| Monday, 18th November 2019, 11:57 pm

മുസ്‌ലിം രാഷ്ട്രങ്ങളിലെ ടി.വി ചാനലുകളില്‍ വരുന്ന യാതൊന്നും ഇവിടെ വേണ്ട; ജമ്മു കശ്മീരിലെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്വകാര്യ ടി.വി ചാനലുകളില്‍ വരുന്ന ഒന്നും തന്നെ ജമ്മു കശ്മീരില്‍ പ്രക്ഷേപണം ചെയ്യരുതെന്നാണ് അവര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പോടു കൂടി ഇന്ത്യാ ടുഡേ ടി.വിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതനുസരിച്ചില്ലെങ്കില്‍ കേബിള്‍ ടി.വി നിയമങ്ങളുടെ ലംഘനമാകുമെന്ന മുന്നറിയിപ്പും ഉത്തരവിലുണ്ട്.

ഇറാന്‍, പാക്കിസ്ഥാന്‍, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ടി.വി ചാനലുകളില്‍ വരുന്ന ഉള്ളടക്കമാണ് ഒരു കാരണവശാലും പ്രക്ഷേപണം ചെയ്യരുതെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ രാജ്യങ്ങളിലെ ചില സ്വകാര്യ ചാനലുകളില്‍ വരുന്ന ഉള്ളടക്കം ജമ്മു കശ്മീരിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രക്ഷേപണം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുള്ളതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കേബിള്‍ ടി.വി നിയമം 6(6) പ്രകാരം കുറ്റകരമാണെന്നാണ് പറയുന്നത്.

മന്ത്രാലയ ജോയിന്റ് സെക്രട്ടറി വിക്രം സഹായിയാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു പോകുമെന്നും മുന്നറിയിപ്പുണ്ട്. അടുത്തിടെ ശ്രീനഗറിലെത്തി സഹായ് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരെ കണ്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തോടെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും മറ്റും മൂലം ടെലിവിഷന്‍ സേവനങ്ങള്‍ ഏറെനാള്‍ മുടങ്ങിയിരുന്നു. ഇത് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരെ നഷ്ടത്തിലേക്കു നയിച്ചു. ഇതിനു പിറകെയാണ് ഈ പ്രഹരവും വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more