മുംബൈ: സര്‍ക്കാര്‍ നിരോധനത്തെ മറികടന്ന് വിപണിയിലെത്തിയ മാഗിക്ക് വീണ്ടും തിരിച്ചടി. മാഗി നിരോധം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
പ്രാദേശിക പത്രങ്ങളിലുള്‍പ്പെടെ മാഗിക്കനുകൂലമായ പരസ്യവും വാര്‍ത്തയും വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മാഗിക്കെതിരെ സുപ്രീം കോടതിയില്‍ പോകുന്നത്.
സ്‌നാപ്ഡീല്‍ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴി മാഗിയെ ഉപഭോക്താക്കളില്‍ എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു മാഗി.
മാഗിയെ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി ഉപാധികളോടെ മാഗിക്കുള്ള നിരോധം എടുത്തുകളഞ്ഞത്.
സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമേ വിപണിയില്‍ ഇറക്കാവൂ എന്ന നിര്‍ദേശത്തോടെയായിരുന്നു ബോംബെ ഹൈക്കോടതി മാഗിക്ക് ക്ലിന്‍ചിറ്റ് നല്‍കിയത്.
എന്നാല്‍, മാഗി ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ബോംബെ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയോടും കേന്ദ്ര നിയമ മന്ത്രാലത്തോടും അനുവാദം ചോദിച്ചിരുന്നു.ഇവരില്‍ നിന്നും അനുകൂല മറുപടിയാണ് സര്‍ക്കാരിന് ലഭിച്ചത്.
അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി തന്നെ സുപ്രീം കോടതിയില്‍ മഹാരാഷ്ട്രക്കായി ഹാജരാകുമെന്നാണ് സൂചന. അടുത്ത ആഴ്ചയാണ് മാഗിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുക.