| Tuesday, 19th November 2019, 11:53 pm

'സവര്‍ക്കര്‍ക്കു ഭാരതരത്‌നം നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിയോ?'; കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വി.ഡി സവര്‍ക്കര്‍ക്കു ഭാരതരത്‌നം കൊടുക്കുമോ എന്ന കാര്യത്തില്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഭാരതരത്‌നം ലഭിക്കാന്‍ ഏതെങ്കിലും ഔദ്യോഗിക ശുപാര്‍ശയുടെ കാര്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി അംഗം ഗോപാല്‍ ചിനയ്യയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ‘പല സ്ഥലങ്ങളില്‍ നിന്നും ഭാരതരത്‌നത്തിനു വേണ്ടിയുള്ള ശുപാര്‍ശകള്‍ വരുന്നുണ്ട്. ഭാരതരത്‌നത്തിന് ഔദ്യോഗിക ശുപാര്‍ശകളുടെ ആവശ്യമില്ല.’- സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

ചോദ്യം ഇങ്ങനെയായിരുന്നു- ‘മഹാനായ വിപ്ലവകാരിയും ചരിത്രകാരനും സാമൂഹ്യ പരിഷ്‌കര്‍ത്താവും ചിന്തകനും എഴുത്തുകാരനും പ്രമുഖ ദേശീയ നേതാവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളികളില്‍ ഒരാളുമായ വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങിയോ?’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുമെന്നു വാഗ്ദാനം ചെയ്തത് ഏറെ വിവാദമായിരുന്നു.

ഇതിനെ എതിര്‍ത്ത് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഗാന്ധിയുടെ കൊലപാതകത്തിന്റെ ഒത്താശക്കാര്‍ ഹിന്ദുത്വ പ്രചാരകരാണെന്നും അവര്‍ നിഷ്‌കളങ്കരാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു.

‘ഗാന്ധിയുടെ കൊലപാതത്തിന് പിന്നിലെ യഥാര്‍ത്ഥ അജണ്ടകളും ഉപജാപങ്ങളും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ മരണത്തിന് ഒത്താശ ചെയ്യുന്നവര്‍ക്ക് ഭാരതരത്‌നം നല്‍കാനുള്ള നീക്കം നടക്കുമ്പോള്‍’- തുഷാര്‍ ഗാന്ധി പി.ടി.ഐയോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സവര്‍ക്കറെ കുറ്റവിമുക്തനാക്കിയ കോടതിവിധിയും തുഷാര്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കറുടെ പങ്ക് വ്യക്തമാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more