ന്യൂദല്‍ഹി: വി.ഡി സവര്‍ക്കര്‍ക്കു ഭാരതരത്‌നം കൊടുക്കുമോ എന്ന കാര്യത്തില്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഭാരതരത്‌നം ലഭിക്കാന്‍ ഏതെങ്കിലും ഔദ്യോഗിക ശുപാര്‍ശയുടെ കാര്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി അംഗം ഗോപാല്‍ ചിനയ്യയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ‘പല സ്ഥലങ്ങളില്‍ നിന്നും ഭാരതരത്‌നത്തിനു വേണ്ടിയുള്ള ശുപാര്‍ശകള്‍ വരുന്നുണ്ട്. ഭാരതരത്‌നത്തിന് ഔദ്യോഗിക ശുപാര്‍ശകളുടെ ആവശ്യമില്ല.’- സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
ചോദ്യം ഇങ്ങനെയായിരുന്നു- ‘മഹാനായ വിപ്ലവകാരിയും ചരിത്രകാരനും സാമൂഹ്യ പരിഷ്‌കര്‍ത്താവും ചിന്തകനും എഴുത്തുകാരനും പ്രമുഖ ദേശീയ നേതാവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളികളില്‍ ഒരാളുമായ വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങിയോ?’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുമെന്നു വാഗ്ദാനം ചെയ്തത് ഏറെ വിവാദമായിരുന്നു.