| Friday, 28th September 2018, 9:10 pm

റോഹിങ്ക്യന്‍ വംശജരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം; സുരക്ഷാ പദ്ധതിയുടെ ഭാഗമെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തങ്ങളുടെ അധികാരപരിധിയില്‍ ജീവിക്കുന്ന എല്ലാ റോഹിങ്ക്യന്‍ വംശജരുടെയും അനധികൃത കുടിയേറ്റക്കാരുടെയും കണക്കും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. രാജ്യമൊട്ടാകെ നടപ്പില്‍ വരുത്തുന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശമെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള നീക്കമാണിത്. രാജ്യത്തു ജീവിക്കുന്ന റോഹിങ്ക്യന്‍ വംശജരില്‍ 14,000 പേര്‍ മാത്രമാണ് ഐക്യരാഷ്ട്ര സഭ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40,000 പേരോളം അനധികൃതമായാണ് രാജ്യത്തു തുടരുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍.

Also Read: “എന്തെങ്കിലും നടക്കാന്‍ സാധ്യതയുണ്ട്”; പാകിസ്താനെതിരെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് സൂചന നല്‍കി രാജ്‌നാഥ് സിംഗ്

ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും, രാജ്യത്തേക്കുള്ള അവരുടെ കുടിയേറ്റം തടയാനായി സുരക്ഷാ സേനയെ വിനിയോഗിച്ചിട്ടുണ്ടെന്നും നേരത്തേ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതു വഴി കുടിയേറ്റക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭ്യമാകുന്നില്ലെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്. ആധാര്‍ പോലുള്ള രേഖകള്‍ പൗരന്മാരല്ലാത്തവര്‍ക്കു ലഭിക്കണമെങ്കില്‍, അവര്‍ ഇന്ത്യ നിയമപരമായി സന്ദര്‍ശിക്കുന്നവരും ആറു മാസമെങ്കിലും രാജ്യത്ത് താല്‍ക്കാലിക താമസക്കാരായിരിക്കുന്നവരും ആയിരിക്കണം. റോഹിങ്ക്യന്‍ വംശജര്‍ അനധികൃത കുടിയേറ്റക്കാരായതിനാല്‍ അതിന് അര്‍ഹരല്ലെന്നും അധികൃതര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more