| Wednesday, 10th August 2016, 8:57 am

തോട്ടിപ്പണി തൊഴിലാക്കിയവര്‍ ഇല്ല എന്ന കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ തോട്ടിപ്പണി തൊഴിലാക്കിയവര്‍ ഇല്ല എന്ന സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. തോട്ടിപ്പണി ചെയ്യുന്നവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ റീ സര്‍വ്വേ നടത്തണമെന്നും കേന്ദ്ര സാമൂഹ്യ നീതി മന്ത്രലായം നിര്‍ദേശിച്ചു.

“രാജ്യത്ത് തോട്ടിപ്പണി ചെയ്യുന്നവരുടെ എണ്ണം 12,000 ആണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ മാത്രമായി 10,000 തോട്ടിപ്പണിക്കാരുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിലും എത്രയോ കൂടുതലാണ് തോട്ടിപ്പണി തൊഴിലാക്കിയര്‍.” കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിലെ സെക്രട്ടറി അനിത അഗ്നിഹോത്രി പറയുന്നു.

സഫായി കര്‍മ്മചാരി ആന്തോളനുമായും മറ്റും ചേര്‍ന്ന് കൃത്യമായ വിവരശേഖരിച്ച് യഥാര്‍ത്ഥ കണക്കു സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

” തോട്ടിപ്പണി നിയമം മൂലം നിരോധിച്ചതിനാല്‍ ഇതു തൊഴിലായി സ്വീകരിച്ചവര്‍ അതു തുറന്നു സമ്മതിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരില്ല.” അവര്‍ പറയുന്നു. അതിനാല്‍ കൃത്യമായ വിവരശേഖരണത്തിലൂടെയും മറ്റുമേ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ശ്രമിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

ടോയ്‌ലറ്റ് മാലിന്യം നീക്കം ചെയ്യുന്നത് പൂര്‍ണമായി യന്ത്രവത്കരിച്ചാല്‍ മാത്രമേ തോട്ടിപ്പണി ഇല്ലാതാക്കാന്‍ കഴിയൂവെന്നും അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more