| Sunday, 23rd June 2024, 8:56 am

നീറ്റ് ക്രമക്കേട് അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍. മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതെന്ന് കേന്ദ്രത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിരവധി ഹരജികളാണ് ഫയല്‍ ചെയ്തത്. നിലവില്‍ ബീഹാര്‍ പൊലീസിന്റെ പ്രത്യേക വിഭാഗമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്തുന്നത്. സി.ബി.ഐ വേണ്ടെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതിനിടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചതായി ശനിയാഴ്ച രാത്രി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ എന്‍.ടി.എ തലവനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പകരം റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് ഖരോലയെ പുതിയ ഡി.ജിയായി നിയമിച്ചു.

നേരത്തെ നീറ്റ്, യു.ജി.സി-നെറ്റ് പരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ ഒരു ഉന്നതതല സമിതിക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കിയിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഡി.ജിയെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ ചോദ്യപേപ്പര്‍ ലഭിച്ചത്. ഇതുവരെ 17 വിദ്യാര്‍ത്ഥികളെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥലങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.

ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുമ്പോഴും പരീക്ഷ ഇതുവരെ കേന്ദ്ര സർക്കാർ റദ്ദാക്കിയിട്ടില്ല. തത്ക്കാലം നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

Content Highlight: Centre Asks CBI To Investigate Alleged Irregularities In NEET UG Exam

We use cookies to give you the best possible experience. Learn more