| Saturday, 10th October 2020, 9:14 am

സ്വര്‍ണക്കടത്ത് പ്രതികളുടെ ജാമ്യം തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രം; നടപടി ഭൂരിഭാഗം പേര്‍ക്കും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്ര സര്‍ക്കാര്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളിയാഴ്ച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സൂര്യപ്രകാശ് വി. രാജുവാണ് ഹാജരായത്.

ഇതുവരെ അറസ്റ്റിലായവരില്‍ 10 പേര്‍ക്കും ജാമ്യം ലഭിച്ചത് വലിയ തിരിച്ചടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചാല്‍ എന്‍.ഐ.എ കോടതിയിലും സമാനവിധി വന്നേക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ തന്നെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയത് എന്നാണ് സൂചന.
അപൂര്‍വ്വമായി മാത്രമേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സംസ്ഥാനങ്ങളിലെ കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ നേരിട്ട് ഹാജരാവാറുള്ളൂ.

സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ്, ഇ.ഡി എന്നിവര്‍ക്ക് പ്രത്യേക അഭിഭാഷകരുണ്ടെന്നിരിക്കെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് കോടതിയിലെത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയത് കേസില്‍ ഒക്ടോബര്‍ 13ന് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷേയില്‍ കോടതി വിധിപറയും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre appoints senior advocates in gold smuggling case

We use cookies to give you the best possible experience. Learn more