കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി
India
കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 9:48 am

ഇംഫാൽ: മണിപ്പൂർ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രവും സംസ്ഥാനഭരണകൂടവും പരാജയപ്പെട്ടെന്ന് മണിപ്പൂർ ബി.ജെ.പി മുഖ്യമന്ത്രി ബിരേന് സിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ ബി.ജെ.പിക്കുണ്ടായ പരാജയത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുഭരണകൂടങ്ങളോടും ജനങ്ങൾക്കുള്ള അസംതൃപ്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ രണ്ട് സീറ്റുകളിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് വിജയിച്ചിരുന്നു.

ഇന്നർ മണിപ്പൂർ ജെ.എൻ.യുവിലെ പ്രൊഫസർ ആയ ആഗോംച്ച ബിമോൽ, ഔട്ടർ മണിപ്പൂരിൽ ആൽഫ്രഡ്‌ കൺഗം ആർതർ എന്നിവരായിരുന്നു വിജയിച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ നാഗ വിഭാഗത്തിനിടയിൽ നിന്നാണ് ആൽഫ്രഡ്‌ വിജയിച്ചത്.

‘ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാണിക്കുന്നത് ജനങ്ങൾക്ക് സർക്കാരിനോടുള്ള അസംതൃപ്തിയാണ്. ഇനിയുള്ള സമയം എന്നത് മണിപ്പൂരിലെ ജനതക്ക് വേണ്ടി കൂടുതൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കാനുള്ള സമയമാണ്. അവർക്ക് വേണ്ടി ഞാൻ നിലകൊള്ളും.’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഫലം ബി.ജെ.പി സർക്കാരിനെതിരെയുള്ള മറുപടിയായി കാണുമോ എന്ന ചോദ്യത്തിന് തീർച്ചയായും ജനങ്ങൾ അവരുടെ അമർഷം പുറത്തു കാണിച്ചെന്ന് അദ്ദേഹം ഉത്തരം നൽകി.

‘ഈ തെരഞ്ഞെടുപ്പിലെ തോൽവിയുടെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഞങ്ങളുടെ പാർട്ടിക്കോ സർക്കാരിനോ മണിപ്പൂരിൽ വേണ്ടവിധം പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. ജനങ്ങൾ ആഗ്രഹിച്ച നിലവാരം പുലർത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല എന്നത് തന്നെയാണ് വാസ്തവം,’ അദ്ദേഹം പറഞ്ഞു.

മണിപ്പൂരിൽ നടന്ന കലാപത്തിൽ വേണ്ടവിധം തീരുമാനങ്ങളെടുക്കാനോ കലാപം തടയാനോ സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരിനോ സാധിച്ചിരുന്നില്ല എന്നത് ജനങ്ങളിൽ വലിയ തോതിൽ സർക്കാർ വിരുദ്ധ വികാരം ഉണർത്തുന്നതിന് കാരണമായി.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയിൽ പുതിയ സർക്കാർ മണിപ്പൂർ വിഷയത്തെ കുറച്ചുകൂടി ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

‘മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനായി പുതിയ സർക്കാർ പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തീർച്ചയായും വലിയ പരിഗണന ലഭിക്കേണ്ട വിഷയമാണിത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂർ കലാപത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്. 2023 മെയ് മാസമായിരുന്നു മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധി ആളുകൾ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സഗത്തിനിരയാവുകയും ചെയ്തിരുന്നു.

 

Content Highlight: centre and state are not meeting public expectations Manipur CM