ന്യൂദല്‍ഹി: രാജ്യത്ത് സ്ഥിരം തൊഴില്‍ എന്ന നിയമനം ഇല്ലാതാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനം. ഇനിമുതല്‍ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി തൊഴിലുടമകള്‍ക്ക് നിയമനം നടത്താം.
വ്യാവസായിക തൊഴില്‍മേഖലയില്‍ സ്ഥിരം സ്വഭാവത്തോടെയുള്ള നിയമനം ഇതോടെ ഇല്ലാതായി. ചുരുങ്ങിയ കാലയളവിലേക്ക് നിയമിക്കുന്ന തൊഴിലാളികളെ രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാനും പുതിയ വിജ്ഞാപനം തൊഴിലുടമകള്‍ക്ക് അധികാരം നല്‍കുന്നു.
പാര്‍ലമെന്റിലോ ട്രേഡ് യൂണിയന്‍ നേതാക്കളുമായോ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം എല്ലാ ആനുകൂല്യങ്ങളോടെയുമാകും നിശ്ചിത കാലയളവ് തൊഴിലെന്ന് തൊഴില്‍മന്ത്രാലയം അവകാശപ്പെടുന്നു.
പി.എഫ്, ഇ.എസ്.ഐ തുടങ്ങി സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യവും നിശ്ചിത കാലയളവ് തൊഴിലാളികള്‍ക്കും ലഭിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ അഞ്ചു വര്‍ഷം സര്‍വീസ് ആവശ്യമായ ഗ്രാറ്റുവിറ്റി പോലുള്ള ആനുകൂല്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല.
വസ്ത്രനിര്‍മാണമേഖലയില്‍ നേരത്തെതന്നെ “നിശ്ചിത കാലയളവ് തൊഴില്‍” സമ്പ്രദായം മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എല്ലാ വ്യാവസായിക- തൊഴില്‍മേഖലകളിലേക്കും നിശ്ചിത കാലയളവ് നിയമനരീതി വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് 1946ലെ വ്യാവസായിക തൊഴില്‍ (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി തൊഴില്‍മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
WATCH THIS VIDEO