| Friday, 11th September 2020, 10:29 am

ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്ത സുദര്‍ശന്‍ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയ്ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി.എസ്.സിയിലേക്ക് മുസ്‌ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. പരിപാടി മുസ്‌ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

എന്നാല്‍ സുദര്‍ശന്‍ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ചാനല്‍ ഏതെങ്കിലും തരത്തിലുള്ള പ്രോഗ്രാം കോഡ് ലംഘിച്ചാല്‍ അതിനെതിരേ നിയമനടപടിയെടുക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിവാദപരിപാടി സംബന്ധിച്ച സുദര്‍ശന്‍ ടിവി അധികൃതര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യുന്ന ബിന്ദാസ് ബോല്‍ പരിപാടി ഒരു നിയമവും ലംഘിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന് നല്‍കിയ വിശദീകരണത്തില്‍ ചാനല്‍ അധികൃതര്‍ അവകാശപ്പെട്ടത്.

ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടെയായി മുസ്‌ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്.

ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നത്.

ഈ അടുത്ത കാലത്തായി മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിക്കുന്നു.

ഈ തസ്തികകളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

അഖിലേന്ത്യ സര്‍വ്വീസുകളായ ഐ.പി.എസ് ,ഐ.എ.എസ് തസ്തികകളില്‍ മുസ്‌ലിം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഇത്തരം ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും? സുരേഷ് ചവെങ്ക ചോദിച്ചിരുന്നു.

ചാനലിലെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre Allows Sudarshan News to Telecast ‘UPSC Jihad’ Programme

We use cookies to give you the best possible experience. Learn more