| Saturday, 25th April 2020, 7:40 am

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം; ​ഗ്രാമ പ്രദേശങ്ങളിലെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം. ന​ഗര പരിധിയ്ക്ക് പുറത്തുള്ള ചെറിയ കടകൾ ഇന്നുമുതൽ തുറക്കാം. അതേസമയം ഷോപ്പിങ്ങ് മാളുകൾ ഹോട്ട് സ്പോട്ട് മേഖലകളിലെ കടകൾ എന്നിവയ്ക്ക് ഇളവുകൾ ബാധകമല്ല. ന​ഗരപരിധിയ്ക്ക് പുറത്ത് തുറക്കുന്ന കടകൾ പകുതി ജീവനക്കാരെ വച്ചു മാത്രമേ പ്രവർത്തിക്കാവൂ.

​ഗ്രാമപ്രദേശങ്ങളിലെ ഷോപ്പിങ്ങ് കോംപ്ലക്സുകൾക്ക് പ്രവർത്തനാനുമതി ഇല്ല. അതേ സമയം ​ഗ്രാമപ്രദേശങ്ങളിലെ കമ്പോളങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. ന​ഗരപ്രദേശങ്ങളിൽ ഷോപ്പിങ്ങ് മാളുകളും കമ്പോളങ്ങളും തുറക്കരുത്. സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം കർശനമായി പാലിച്ചു മാത്രമേ കടകൾ തുറക്കാവൂ എന്നു കേന്ദ്ര ഉത്തരവ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച്ച് രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. മെയ് മൂന്ന് മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകും എന്ന സൂചന നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്.

കേന്ദ്ര സർക്കാരിന്റെ തീരുമാനം ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമായിരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കേരളത്തിൽ അതീവ ജാ​ഗ്രതയോട് കൂടി ഉത്തരവ് നടപ്പാക്കുമെന്നും ഉത്തരവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സർക്കാരിന്റെ കൂടി നിർദേശങ്ങൾ പരി​ഗണിച്ച് മാത്രമേ ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ജനങ്ങൾ പോകാവൂ എന്നും സർക്കാർ അടിയന്തിരമായി ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമെന്നും ഇ.പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more