ന്യൂദല്‍ഹി: കടലിലെ വെടിവെയ്പ്പ് അന്വേഷിക്കാനോ കേസെടുക്കാനോ കേരളസര്‍ക്കാരിന് അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ചാനലിലാണ് സംഭവം നടന്നതെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു.
കപ്പല്‍ വിട്ടുതരണമെന്ന ആവശ്യത്തില്‍ നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനിടെ കേന്ദ്രം ഈ രീതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഇറ്റലിയെ സഹായിക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
” കപ്പലിന് ഇറ്റാലിയന്‍ പതാകയുണ്ടായിരുന്നു. 20.5 നോട്ടിക്കല്‍ മൈലിലാണ് സംഭവമുണ്ടായത്. ഇത് അന്താരാഷ്ട്ര കപ്പല്‍ചാലാണ്. 12 നോട്ടിക്കല്‍ മൈലില്‍ മാത്രമാണ് കേരളത്തിന് അധികാരമുള്ളത്” – സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നിലപാടിനെതിരെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത് ഇന്ത്യക്കാരാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. വെടിവെച്ചത് എവിടെവെച്ചാണെന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് എങ്ങനെ ഈ നിലപാടെടുക്കാന്‍ സാധിച്ചെന്നും കോടതി ചോദിച്ചു.
അതേസമയം കപ്പല്‍ വിട്ടുകൊടുക്കുന്നതിനെ എതിര്‍ത്തെങ്കിലും കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന കേന്ദ്ര നിലപാടിനെ കേരളം കോടതിയില്‍ എതിര്‍ത്തില്ലെന്നകും ശ്രദ്ധേയമായി. കോടതിയില്‍ കേരളത്തിന്റെ അഭിഭാഷകനെ അവസാന നിമിഷം മാറ്റുകയായിരുന്നു. കെ.ടി രമേശ് ബാബുവാണ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ രമേശിന് പകരം എം.ടി ജോര്‍ജ്ജാണ് ഹാജരായത്.
വെടിവെയ്പ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാനലിലാണെന്നായിരുന്നു ഇറ്റലിയുടെ നിലപാട്. സംഭവത്തില്‍ കേസെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. എഫ്.ഐ.ആര്‍ തള്ളണമെന്നും നാവികരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കയാണ്.
കപ്പലുടമകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി നേരത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് ഇറ്റലിയുടെ നിലപാടിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.
കേന്ദ്രത്തിന്റെ നിലപാട് വഞ്ചനാപരവും ഇറ്റലിയെ സഹായിക്കാന്‍ വേണ്ടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. നിലപാട് മാറ്റത്തിന് പിന്നില്‍ സോണിയ ഗാന്ധിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വ്യക്തമാക്കി.
നിയമവിദഗ്ധരുമായി ആലോചിച് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണത്തെ ശരിവെച്ചുകൊണ്ട് മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന ആരോപണം അവിശ്വസിക്കാനാകില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
വരൂ, കറുത്ത തൊലിയുള്ള മനുഷ്യരെ വെടിവെച്ചു കളിക്കാം