കോഴിക്കോട്: വനനിയമഭേദഗതിക്കെതിരെ എതിര്‍പ്പുമായി മുന്‍ ഇടത് എം.പിയും അഭിഭാഷകനുമായ ജോയ്‌സ് ജോര്‍ജ്. വനനിയമ ഭേദഗതിയെ താന്‍ അടക്കമുള്ളവര്‍ എതിര്‍ക്കുന്നത് വനം വകുപ്പിനെ പൊലീസായും സമാന്തര സര്‍ക്കാരായും മാറ്റാനുള്ള ശ്രമമായതുകൊണ്ടാണെന്നാണ് ജോയ്‌സ് ജോര്‍ജ് എഫ്.ബിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
വനഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ മാധ്യമവാര്‍ത്തകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വനനിയമ ദേഗതിയെ എതിര്‍ക്കുന്നത് മീന്‍പിടിക്കുന്നതും വനത്തിന്റെ അതിര്‍ത്തികല്ലിളക്കുന്നതും മൃഗങ്ങളെ ഊട്ടുന്നതും കുറ്റകൃത്യമാക്കുന്നതുകൊണ്ടല്ലെന്നും മറിച്ച് ഈ അധികാര കൈമാറ്റത്തിന്റെ കാരണം കൊണ്ടാണെന്നും ജോയ്‌സ് ജോര്‍ജ് പറയുന്നു.
വനഭേദഗതി നിയമത്തിലെ പല വകുപ്പുകളും ഭേദഗതി ചെയ്യപ്പെടുന്നതോടെ പൊലീസിന്റെയും സര്‍ക്കാരിന്റെയും അധികാരങ്ങള്‍ വനം വകുപ്പ് ഓഫീസര്‍മാരുടേയും കൈയില്‍ എത്തിച്ചേരുന്നതിനെതിരെ ജോയ്‌സ് ജോര്‍ജ് നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഈ നിയമങ്ങള്‍ ആവിഷ്‌കരിച്ച് ഉദ്യോഗസ്ഥരുടെ വാക്കുകള്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വെള്ളം തൊടാതെ വിഴുങ്ങുകയാണുണ്ടായതെന്നും ജോയ്‌സ് ജോര്‍ജ് വിമര്‍ശിച്ചു. ഇത്തരത്തില്‍ നിയമ ഭേദഗതി നടത്തി കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെങ്കില്‍ എന്തിനാണ് വെറുതെ തെരഞ്ഞെടുപ്പും മന്ത്രിയും ഐ. എഫ്. എസ് ഉദ്യേഗസ്ഥരും എന്നും ജോയ്‌സ് ജോര്‍ജ് ചോദിക്കുന്നുണ്ട്.
അങ്ങനെ ചെയ്യുകയാണെങ്കില്‍ വിദേശ ഫണ്ടും പരിസ്ഥിതി സംഘടനകളും വക്താക്കളും മാത്രം മതിയല്ലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
വനഭേദഗതി വകുപ്പ് 51ല്‍ നിര്‍ദേശിച്ചിട്ടുള്ള ഭേദഗതി പ്രകാരം ബിറ്റ് ഫോറസ്റ്റ് ഓഫീസറില്‍ കുറയാത്ത അധികാരമുള്ള ഓഫീസര്‍ക്ക് വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചെയ്തുവെന്ന് സംശയിക്കുന്ന ഏതൊരു വ്യക്തിയോടും ആവശ്യപ്പെടുന്ന വസ്തുക്കളും രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെടാം.
വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനും കെട്ടിടങ്ങളിലോ പരിസരങ്ങളിലോ ഭൂമിയിലോ വാഹനങ്ങളിലോ പ്രവേശിച്ച് പരിശോധന നടത്തുന്നതിനും ബാഗുകളും കണ്ടെയ്നറുകളും തുറന്ന പരിശോധിക്കുന്നതിനും ഫോറസ്റ്റ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഈ വകുപ്പുകള്‍ക്കെതിരെയെല്ലാം തന്നെ ജോയ്‌സ് ജോര്‍ജ് നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം വനഭേദഗതി നിയമത്തിനെതിരെ ഇടത് മുന്നണിയിലെ കേരള കോണ്‍ഗ്രസ് എമ്മും പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ജോയ്‌സ് ജോര്‍ജും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉന്നയിച്ച് ജോസ്.കെ.മാണി അടക്കമുള്ള നേതാക്കള്‍ മുഖ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
Content Highlight: Centralization of police and government power to forest rangers; Joyce George against Forest Act Amendment