ന്യൂദല്‍ഹി: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ ഒറ്റയടിക്കു തുറന്നതല്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറയുന്നത്.
കനത്ത മഴയാണ് കേരളത്തിലുണ്ടായത്. അതിവേഗമാണ് അണക്കെട്ടുകള്‍ നിറഞ്ഞത്. ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായകമായി. നൂറുവര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കയ്യേറ്റങ്ങളും പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസനവും സ്ഥിതി രൂക്ഷമാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ പ്രളയത്തിനു കാരണം ഡാം തുറക്കാന്‍ വൈകിയതും കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഡാം തുറന്നതുമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രളയം മനുഷ്യ സൃഷ്ടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണം.