| Sunday, 9th September 2018, 7:11 pm

പ്രളയജലം തടയാന്‍ ഇനിയും അണക്കെട്ടുകള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയ ജലം തടയാന്‍ അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്രജലകമ്മീഷന്‍ റിപ്പോര്‍ട്ട്. കേരളത്തിലെ പ്രളയത്തിന്റെ കാരണം അണക്കെട്ടുകള്‍ പെട്ടന്ന് തുറന്നതല്ല കനത്ത മഴയാണെന്നാണ് കേന്ദ്ര ജലക്കമ്മീഷന്‍ തയ്യാറാക്കിയ അമ്പതോളം പേജുകളുള്ള റിപ്പോര്‍ട്ടിലുള്ളത്.

ജലക്കമ്മീഷന്റെ അന്തിമറിപ്പോര്‍ട്ടില്‍ അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നു വിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനപരിശോധിക്കണമെന്നും തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

ഈ വര്‍ഷം ഉണ്ടായതിന് സമാനമായ മഴ ഭാവിയില്‍ പെയ്താല്‍ ഡാമുകള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര ജലക്കമ്മീഷന്റെ വിലയിരുത്തല്‍. ജലക്കമ്മീഷന്‍ അധ്യക്ഷന്റെ അംഗീകാരം ലഭിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

തുടര്‍ച്ചയായി ശക്തമായ ലഭിക്കുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ശുപാര്‍ശകള്‍ ഇവയാണ്:

1. പ്രളയം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ജലം സംഭരിക്കാന്‍ പുതിയ അണക്കെട്ടുകള്‍ക്ക് ഉള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളിലാണ് ഇവയുടെ സാധ്യത പരിശോധിക്കേണ്ടത്.

2. അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനഃപരിശോധിക്കണം. 57 അണക്കെട്ടുകള്‍ ഉള്ള സംസ്ഥാനത്ത് 200 മില്യന്‍ ക്യൂബിക് മീറ്ററില്‍ കൂടുതല്‍ സംഭരണ ശേഷിയുള്ള അണക്കെട്ടുകളിലാണ് ഉടന്‍ പുനഃപരിശോധന വേണ്ടത്. ഇടുക്കി, ഇടമലയാര്‍, കക്കി, മുല്ലപ്പെരിയാര്‍, ചാലിയാര്‍, തുടങ്ങി ഏഴ് അണക്കെട്ടുകളാണ് ഈ വിഭാഗത്തില്‍.

3. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം. ഇതിനായി തോട്ടപ്പള്ളി അപ്രോച്ച് കനാലിന്റെ വീതി കൂട്ടണം.

4 കയ്യേറ്റവും നെല്‍കൃഷിയും കാരണം വേമ്പനാട് കായലിന്റെ സംഭരണ ശേഷി ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാക്കിയെന്നാണ് വിലയിരുത്തല്‍.

ന്യൂസ് 18നാണ് വിശദാംശങ്ങള്‍ പുറത്തു വിട്ടത്.

We use cookies to give you the best possible experience. Learn more