| Wednesday, 28th April 2021, 7:40 pm

പ്രാണവായുവിന് കാശില്ല; കൂട്ടമരണങ്ങള്‍ക്കിടയിലും സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി

അന്ന കീർത്തി ജോർജ്

കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി രാജ്യ തലസ്ഥാനം ലോക്ക്ഡൗണിലാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം രണ്ടായിരത്തിലെറേ പേര്‍ ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാപ്പകലില്ലാതെ ശവസംസ്‌കാരം നടത്തുന്ന ശ്മശാനങ്ങളില്‍ നിന്നും വരുന്ന കണക്കുകള്‍ പ്രകാരം മരണനിരക്ക് ഇതിലും വളരെ കൂടുതലാണ്.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓക്‌സിജനും ആശുപത്രി കിടക്കയും കണ്ടെത്താന്‍ വേണ്ടി ദല്‍ഹി നിവാസികളെല്ലാവരും നെട്ടോട്ടമോടുകയാണ്. ദല്‍ഹിയുടെ ഈ അവസ്ഥയില്‍ നിന്നും വലിയ വ്യത്യാസമൊന്നുമല്ല മുഴുവന്‍ രാജ്യത്തിന്റെയും ഇന്നത്തെ സ്ഥിതി.

കൂട്ടമരണങ്ങള്‍ രാജ്യത്തെ ഭീതിപ്പെടുത്തുന്ന ഈ ഗുരുതര സാഹചര്യങ്ങള്‍ക്കിടയിലും ഒരു തടസ്സവുമില്ലാതെ, സാമ്പത്തിക പ്രശ്‌നമോ ആരോഗ്യ ഭീഷണിയോ ഒന്നുമില്ലാതെ, ഒരേയൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മാത്രം ദല്‍ഹിയില്‍ മുന്നേറുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സ്വപ്ന പദ്ധതികളിലൊന്നായ പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം. 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പ്രോജക്ട്.

ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം എന്നതില്‍ നിന്നും ലോകത്തെ മൊത്തം കൊവിഡ് രോഗികളുടെ മൂന്നിലൊന്ന് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറുന്നു. മൂന്നര ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന കൊവിഡ് ബാധിത മരണം മൂവായിരത്തോളമാണ്. രണ്ട് ലക്ഷത്തോളം മനുഷ്യര്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇതിനകം മരണപ്പെട്ട് കഴിഞ്ഞു. ആശുപത്രികളിലെ മോര്‍ച്ചറികളില്‍ ശവങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. ഏക ഫലപ്രദ പ്രതിരോധ മാര്‍ഗമായ വാക്സിനേഷനുകള്‍ പലയിടത്തും നടക്കുന്നില്ല. രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമവും വാക്സിന്‍ ക്ഷാമവും നേരിടുന്നു.

അടിയന്തിരമായ എല്ലാ മാര്‍ഗങ്ങളുമപയോഗിച്ചും പരമാവധി ഫണ്ടുകള്‍ ചെലവഴിച്ചും രാജ്യത്തെ മരണസംഖ്യ കുറയ്ക്കാനും ഇന്ത്യന്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കാനുമായി ഇടപെടേണ്ട സര്‍ക്കാര്‍ വാക്സിന്‍ വിതരണം പോലും സ്വകാര്യവത്കരിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ സ്വപ്നപദ്ധതി തകൃതിയായി നടക്കുന്നത്.

രാജ്യത്തെ പൗരന്മാര്‍ക്ക് പ്രാണവായുവും ജീവന്‍ രക്ഷാ മരുന്നും സൗജന്യമായി വിതരണം ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ കൂട്ടമരണങ്ങളുടെ മുനമ്പിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണവുമായി മുന്നോട്ടുപോവുകയാണ്. രാജ്യത്ത് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ വലിയ രീതിയില്‍ വാഗ്ദാനം നടത്തിയ ശേഷം, അതില്‍ നിന്നും പിന്മാറിയ ഒരു സര്‍ക്കാര്‍ ആയിരക്കണക്കിന് കോടികള്‍ ചെലവുള്ള പദ്ധതി ഈ മഹാമാരിക്കെടുതികള്‍ക്കിടയിലും ഒരു തടസ്സവുമില്ലാതെ തുടരുന്നു.

നിരവധി പേര്‍ ചൂണ്ടിക്കാണിച്ചത് പോലെ, ഈ പദ്ധതിയ്ക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുണ്ടായിരുന്നെങ്കില്‍ ആയിരക്കണക്കിന് ഓക്‌സിജന്‍ പ്ലാന്റുകള്‍ ഈ രാജ്യത്ത് സ്ഥാപിക്കാമായിരുന്നു. 201 കോടി ചെലവിലാണ് കേന്ദ്രം വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കുള്ള പണികള്‍ ആരംഭിച്ചത്. എന്നാല്‍ സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി നീക്കിവെച്ചിട്ടുള്ളത് 971 കോടി രൂപയാണ്.

സമയബന്ധിതമായി എത്രയും വേഗം പൂര്‍ത്തികരിക്കേണ്ട പദ്ധതിയെന്നാണ് സെന്‍ട്രല്‍ വിസ്ത പ്രോജക്ടിനെ കുറിച്ച് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്. അതിനാല്‍ കൊവിഡ്, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതും.

രണ്ടാം തരംഗം അതിരൂക്ഷമായപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തുവിട്ട നിര്‍ദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റില്‍ തന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്നതെങ്കില്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സെന്‍ട്രല്‍ വിസ്തയെ മാത്രം ഇതില്‍ നിന്നും ഒഴിവാക്കി. നേരത്തെ വാരാന്ത്യ ലോക്ക്ഡൗണും പാര്‍ലമെന്റ് നിര്‍മ്മാണത്തെ ബാധിച്ചിരുന്നില്ല. അവശ്യ സര്‍വീസുകളുടെ കൂട്ടത്തിലാണ് ഈ പദ്ധതി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നടത്തുന്ന പ്രധാനമന്ത്രി

180 ഓളം വാഹനങ്ങളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിക്കൊണ്ടിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി നൂറ് കണക്കിന് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2021 നവംബര്‍ 30ന് മുന്‍പ് പദ്ധതിയുടെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കണമെന്നാണ് നിര്‍ദേശം.

ഇതിനിടയില്‍ തന്നെ പല തൊഴിലാളികള്‍ക്കും ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കുടംബം പുലര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് ഇവിടെ വരേണ്ടി വരുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കൊവിഡ് വന്നാല്‍ എന്ത് ചെയ്യുമെന്ന് അറിയില്ലെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്.

കൊവിഡ് കേസുകളും പദ്ധതിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളും വര്‍ധിക്കുന്നതിനിടയിലും ഒരടി പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് കേന്ദ്രം. മൂവായിരത്തിലെറെ കോടി രൂപ ചെലവ് വരുന്ന മൂന്ന് കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ ഏപ്രില്‍ 20ന് കേന്ദ്രം വിളിച്ചു കഴിഞ്ഞു.

2019ല്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച, അനാവശ്യമെന്നും അധിക ബാധ്യതയെന്നും വിവിധ കോണുകളില്‍ നിന്ന് ഒരുപോലെ ചൂണ്ടിക്കാണിക്കപ്പെട്ട പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. പാരിസ്ഥിതിക നിയമങ്ങളും ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. നൂറ് കണക്കിന് മരങ്ങളാണ് പദ്ധതിയ്ക്ക് വേണ്ടി മുറിച്ചുമാറ്റുന്നത്.

ത്രികോണ ആകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറമെ പ്രധാനമന്ത്രിയ്ക്കും, ഉപരാഷ്ട്രപതിയ്ക്കുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, തുടങ്ങി പത്തോളം ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. സര്‍ക്കാര്‍ കെട്ടിടങ്ങളും ചരിത്ര പ്രധാനമായ പല പ്രതിമകളും പൊളിച്ചുകളഞ്ഞാണ് മൂന്ന് കിലോമീറ്ററിലേറെ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ പദ്ധതിയ്ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ന്യൂദല്‍ഹിയെ മോടി പിടിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏകാധിപതികളുടെ മുഖമാണ് എന്റെ മനസില്‍ കൊണ്ടുവന്നത്. ഭരണാധികാരിയെ അനശ്വരനായി നിര്‍ത്താനുള്ള പൊങ്ങച്ച പദ്ധതിയാണിത്. ഒരു മഹാമാരി പൂര്‍ണമായും തകര്‍ത്ത സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോഴിത് തീര്‍ത്തും അനാവശ്യമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാനേജ്‌മെന്റ് ഇടപെടലിനെ തുടര്‍ന്ന് ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വിസമ്മതിച്ചതോടെ ഇനി ഈ പത്രത്തില്‍ എഴുതില്ലെന്ന് രാമചന്ദ്ര ഗുഹ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.

സെന്‍ട്രല്‍ വിസ്തയില്‍ നിന്നും പിന്മാറണമെന്നും ആ പദ്ധതിയ്ക്ക് വേണ്ടി മാറ്റിവെച്ച കോടികള്‍ കൊവിഡ് പ്രതിരോധത്തിനായി ചെലവഴിക്കണമെന്നും പ്രതിപക്ഷവും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമെല്ലാം കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളുടെയെല്ലാം തലക്കെട്ട്, കൊവിഡില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയാണ്. ലോകരാജ്യങ്ങളും സംഘടനകളും ഇന്ത്യയെ കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നുവെന്ന് പല തവണ പറഞ്ഞുകഴിഞ്ഞു. ഒട്ടുമിക്ക രാജ്യങ്ങളും വാക്‌സിനും അവശ്യമരുന്നുകളും ഓക്‌സിജനും മറ്റു ആരോഗ്യസംവിധാനങ്ങളും ഇവിടേക്ക് അയച്ചുനല്‍കുകയാണ്. ഇന്ത്യയിലെ മനുഷ്യരെ ആലോചിച്ച് ലോകം മുഴുവന്‍ ആശങ്കപ്പെടുമ്പോള്‍ ഇവിടുത്തെ സര്‍ക്കാര്‍, നേരത്തെ മൂവായിരം കോടിയുടെ പ്രതിമ പണിതതിനേക്കാള്‍ വേഗത്തില്‍, പുതിയൊരു കെട്ടിടം പണിതുണ്ടാക്കുന്നതിനുള്ള തിരക്കുകളിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Central Vista project for building new parliament building worth of 20,000 is being carried out during the peak of Covid second wave

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more