ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പരാതി നല്‍കിയ ഹരജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
20,000 കോടി രൂപ ചെലവിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
രാജ്യത്ത് കൊവിഡ് രൂക്ഷമായിത്തുടരുന്ന ഘട്ടത്തിലും ദല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴുമെല്ലാം സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം നിര്‍ത്തിവെയ്ക്കാത്തതില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി നീക്കിവെച്ചിട്ടുള്ളത് 971 കോടി രൂപയാണ്.
സമയബന്ധിതമായി എത്രയും വേഗം പൂര്‍ത്തികരിക്കേണ്ട പദ്ധതിയെന്നാണ് സെന്‍ട്രല്‍ വിസ്ത പ്രോജക്ടിനെ കുറിച്ച് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്. അതിനാല്‍ കൊവിഡ്, ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതും.
180 ഓളം വാഹനങ്ങളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിക്കൊണ്ടിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി നൂറ് കണക്കിന് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2021 നവംബര്‍ 30ന് മുന്‍പ് പദ്ധതിയുടെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ന്യൂദല്‍ഹിയെ മോടി പിടിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏകാധിപതികളുടെ മുഖമാണ് എന്റെ മനസില്‍ കൊണ്ടുവന്നത്. ഭരണാധികാരിയെ അനശ്വരനായി നിര്‍ത്താനുള്ള പൊങ്ങച്ച പദ്ധതിയാണിത്. ഒരു മഹാമാരി പൂര്‍ണമായും തകര്‍ത്ത സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോഴിത് തീര്‍ത്തും അനാവശ്യമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സെന്‍ട്രല്‍ വിസ്തയില്‍ നിന്നും പിന്മാറണമെന്നും ആ പദ്ധതിയ്ക്ക് വേണ്ടി മാറ്റിവെച്ച കോടികള്‍ കൊവിഡ് പ്രതിരോധത്തിനായി ചെലവഴിക്കണമെന്നും പ്രതിപക്ഷവും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമെല്ലാം കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Central Vista Essential, Delhi High Court Dismisses Challenge