| Monday, 10th August 2015, 8:50 pm

ശ്രീജിത്ത് ഐ.പി.എസിനെതിരായ പരാതിയിന്‍മേല്‍ അവശ്യ നടപടിയെടുക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആവശ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍, ഐ.ജി എസ്. ശ്രീജിത്തിനെതിരെയുള്ള പരാതിയിന്‍മേല്‍ അവശ്യ നടപടി സ്വീകരിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ശ്രീജിത്ത് ഐ.പി.എസിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നടപടിയെടുക്കാതെ അട്ടിമറിച്ചതിനെതിരെ മാധ്യമ പ്രവര്‍ത്തകനായ ബൈജു ജോണ്‍ നല്‍കിയ പരാതിയിലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നടപടി.

നിരവധി പരാതികളില്‍ ശ്രീജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടിയെടുക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നെങ്കിലും ശ്രീജിത്തിന്റെ വിശദീകരണത്തിന്റെ മേല്‍ നടപടികള്‍ മരവിപ്പിക്കുകയായിരുന്നു എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. കേരളപോലീസ് രഹസ്യന്വേഷണ വിഭാഗം മേധാവി ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ പോലീസുകാരുടെ പട്ടികയില്‍ ശ്രീജിത്തും ഉള്‍പ്പെട്ടിരുന്നു.

റൗഫുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ശ്രീജിത്ത് സസ്‌പെന്‍ഷനിലാവുകയും ചെയ്തിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് ഐ.ജിയുടെ ചുമതലയിലാണ് ശ്രീജിത്ത്.

മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് ആയിരിക്കെ പൊലീസുകാരുടെ ആശ്രിതര്‍ക്ക് അനുവദിച്ച് ബി.എഡ് സീറ്റില്‍ കൃതൃമം കാട്ടിയത് സംബന്ധമായി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട്, കോട്ടയം എസ്.പിയായിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ടൈറ്റസിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ അറസ്റ്റ് ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ശ്രീജിത്തിനെതിരെ എറണാകുളം റേഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ട്, എറണാകുളം വെണ്ണല ജനതാ റോഡിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ട്, തിരുവല്ല സ്വദേശി രമേശന്‍ നമ്പ്യാരുടെ വസ്തു തട്ടിയെടുത്തത് സംബന്ധിച്ചും ബിനാമി ഇടപാടുകള്‍ സംബന്ധമായും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്, കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും ഡി.വൈ.എസ്.പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും സസ്‌പെന്‍ഷനിലായ ശ്രീജിത്തിനെതിരായ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് ശ്രീജിത്തിനെ രക്ഷിക്കാന്‍ നിയമവിരുദ്ധ മാര്‍ഗ്ഗം സ്വീകരിച്ചതിനെതിരെയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

We use cookies to give you the best possible experience. Learn more