കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയിലെ അഴിമതി അന്വേഷണം അട്ടിമറിക്കാന്‍ സര്‍വകലാശാല ചീഫ് വിജിലന്‍സ് ഓഫീസറെ മാറ്റി. സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെയും ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥനെ മാറ്റി സര്‍വകലാശാവ വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടത്.
Also read സ്വന്തം കല്ല്യാണത്തിനും ആടി തകര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍; കാണാം കുഞ്ഞിക്കയുടെ കല്ല്യാണ വീഡിയോ
സര്‍വകലാശാല വിജിലന്‍സ് ചീഫ് ഓഫീസറായ കംപാരേറ്റീവ് ലിറ്ററേച്ചറിലെ അസോസിയേറ്റ് പ്രൊഫസര്‍ പ്രസാദ് പന്ന്യനെ മാറ്റി ഇന്റര്‍നാഷണല്‍ റിലേഷന്‍ പ്രൊഫസര്‍ എം.ജെ. ജോണിനെയാണ് പുതിയ വിജിലന്‍സ് ഓഫീസറാക്കിയത്. മള്‍ട്ടിപ്ലസ് ഹാള്‍ നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതില്‍ നിന്ന് പ്രസാദിനെ ഒഴിവാക്കാനാണ് തിടുക്കപ്പെട്ട് വി.സി ഉത്തരവിറക്കിയത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സര്‍വകലാശാലയില്‍ നടന്ന എണ്‍പതോളം അധ്യാപക നിയമനങ്ങളിലും ക്രമക്കേട് നടന്നതായി പരാതിയുണ്ട്. സംഘപരിവാര്‍ നേതാവും എന്‍ജിനിയറും വി.സിയും അടങ്ങിയ കോക്കസിന് താല്‍പ്പര്യമുള്ളവരെയാണ് നിയമനങ്ങളില്‍ പരിഗണിച്ചതെന്നാണ് ആരോപണങ്ങള്‍.
നാലുകോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഹാള്‍ നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടന്നെന്ന പരാതിയാണ് പ്രസാദ് അന്വേഷിക്കുന്നത്. പരാതിയില്‍ സര്‍വകലാശാല വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ട് മൂന്നുമാസമായി. നിര്‍മ്മാണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒന്നരമാസം മുന്നേ പ്രസാദ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കാതെ അന്വേഷണം വൈകിപ്പിക്കുകയായിരുന്നു.
റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടതോടെയാണ് ഇയാളെ സ്ഥാനത്ത് നിന്നും വൈസ്ചാന്‍സിലര്‍ നീക്കിയിരിക്കുന്നത്. നാലുകോടി ചെലവഴിച്ച് നിര്‍മ്മിച്ച ഹാളിന്റെ ചുമര്‍ ജിപ്‌സം ബോര്‍ഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെറും അഞ്ഞൂറു പേര്‍ക്ക ഇരിക്കാനുള്ള സൗകര്യം മാത്രമാണ് ഹാളിലുള്ളതും. തമിഴ്‌നാട്ടിലെ കേന്ദ്രസര്‍വകലാശാലയില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന ഹാളും അനുബന്ധ സൗകര്യങ്ങളും രണ്ടരക്കോടി രൂച ചെലവഴിച്ച് നിര്‍മ്മിച്ചപ്പോഴാണ് നാലു കോടി ചെലവില്‍ ഇവിടെ ഇത്തരം ഹാള്‍ നിര്‍മ്മിച്ചത്.
അഴിമതി നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് അംഗീകരിച്ച നിര്‍മ്മാണമാണെന്നതിനാല്‍ എതിര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അനുഭവിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. സംഘപരിവാര്‍ നേതാവും എക്‌സിക്യൂട്ടീവ് അംഗവുമായ അസോസിയേറ്റ് പ്രൊഫസര്‍ അഴിമതി മറക്കാന്‍ ഇടപെട്ടതായും പരാതിയുണ്ട്.
അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായാലും തങ്ങള്‍ക്കെതിരായ റിപ്പോര്‍ട്ട് പുറത്ത് വരാതിരിക്കാനാണ് ഉദ്യാഗസ്ഥനെ മാറ്റി നിയമിച്ചിരിക്കുന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥനെ മാറ്റിയത് മൂലം പുതിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ അഴിമതിക്കാരായ സര്‍വകലാശാല അധികൃതര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാകും പുറത്ത് വരിക എന്നും പറയപ്പെടുന്നു.