കണ്ണൂര്‍: പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് കേന്ദ്ര സര്‍വകലാശാല അധ്യാപകന്‍ റിമാന്‍ഡില്‍. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഇഫ്തിക്കര്‍ അഹമ്മദ് ആണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് സമാനമായ കേസില്‍ ഇയാള്‍ വീണ്ടും റിമാന്‍ഡിലാകുന്നത്.
തിങ്കളാഴ്ച മൂന്നോടെയായിരുന്നു സംഭവം. കുടുംബസമേതം പാര്‍ക്കിലെത്തിയ മലപ്പുറം സ്വദേശിയായ 22കാരിക്ക് നേരെയാണ് ഇയാള്‍ അതിക്രമം നടത്തിയത്. പാര്‍ക്കിലെ വേവ്പൂളില്‍ വെച്ച് യുവതിയോട് ഇഫ്തിക്കര്‍ മോശമായി പെരുമാറുകയായിരുന്നു.
യുവതിയുടെ പരാതിക്ക് പിന്നാലെ പാര്‍ക്ക് അധികൃതര്‍ വിവരം തളിപ്പറമ്പ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിടുകയും ചെയ്തു. 14 ദിവസത്തേക്കാണ് ഇഫ്തിക്കറിനെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.
സ്ത്രീകളുടെ അന്തസ്സിന് കളങ്കമേല്‍പ്പിക്കുന്ന രീതിയില്‍ പെരുമാറുക, ലൈംഗികാതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
പാര്‍ക്കിലെ വേവ്പൂളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ക്രമീകരിച്ച ഭാഗത്തേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു ഇഫ്തിക്കര്‍. സെക്യൂരിറ്റി വിസില്‍ മുഴക്കി ഇയാളെ വിലക്കിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
കേന്ദ്ര സര്‍വകലാശാലയില്‍ ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ 30ലധികം പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ ഒരു പരാതിയിലും സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്തിട്ടില്ല. സംഘ്പരിവാര്‍ ചാനല്‍ ചര്‍ച്ചകളിലെ അതിഥി കൂടിയാണ് ഇഫ്തിക്കര്‍.
Content Highlight: Central University teacher remanded in sexual assault case