ചെന്നൈ: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കരുതെന്ന് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം. ദളിത്, ഇടത് ആക്ടിവിസ്റ്റുകള്‍ക്കെതിരായ നടപടിയ്‌ക്കെതിരെ കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
“അനധികൃത പ്രവര്‍ത്തനങ്ങളിലൂടെ” സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുന്നോട്ടുവരരുത് എന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. “സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചും, അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞും, റാലി സംഘടിപ്പിച്ചും, പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്നുമൊക്കെ അനധികൃതമായ ഇടപെടലുകള്‍ നടത്താന്‍ ചില വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.” എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മത അല്ലെങ്കില്‍ രാഷ്ട്രീയമായ അല്ലെങ്കില്‍ മറ്റുള്ള കാര്യങ്ങള്‍ക്കുള്ള സമ്മേളനം യൂണിവേഴ്‌സിറ്റി നിരോധിച്ചിരിക്കുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.
തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ നീലകുടിയിലാണ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്.
അഭിപ്രായം തുറന്നുപറയുന്നവരെ വെറുതെ വിടാത്ത പ്രതികാര മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ ഭരണകൂടമാണ് ക്യാമ്പസ് നടത്തുന്നതെന്നാണ് കാസര്‍കോട്ടെ കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നത്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
ഫേസ്ബുക്ക് പ്രതികരണം നടത്തിയതിന്റെ പേരില്‍ അധ്യാപകനേയും വിദ്യാര്‍ത്ഥിയേയും പുറത്താക്കിയ യൂണിവേഴ്‌സിറ്റി നടപടിയില്‍ പ്രതിഷേധിച്ചാണ് കാസര്‍കോട് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ പുറത്താക്കിയ നടപടിയെ വിമര്‍ശിച്ചായിരുന്നു അധ്യാപകന്‍ കുറിപ്പിട്ടത്.