| Thursday, 11th August 2022, 9:13 am

യു.ജി.സി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി എ.ബി.വി.പി നേതാവിന് കേന്ദ്ര സര്‍വകലാശാലയില്‍ നിയമനം; തടഞ്ഞ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: യു.ജി.സി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി എ.ബി.വി.പി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റായ എം. നാഗലിംഗത്തിനെ കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്‌സ് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി തടഞ്ഞു. കാസര്‍ഗോഡ് പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി കുന്ദര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എ.ബി.വി.പി നേതാവും നിലവില്‍ മധ്യപ്രദേശ് അമര്‍ഖണ്ഠക് ഗോത്ര സര്‍വകലാശാല അസി. പ്രൊഫസറുമായ എം. നാഗലിംഗം, കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എച്ച്. വെങ്കിടേശ്വരലു, രജിസ്ട്രാര്‍ മുരളീധരന്‍ നമ്പ്യാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്. കോടതിയില്‍ നിന്ന് തീരുമാനമുണ്ടാകുന്നതുവരെ നിയമനം നടത്തരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു.

കേന്ദ്ര സര്‍വകലാശാല നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയതാത്പര്യങ്ങളും നിറഞ്ഞിരിക്കുന്നുവെന്ന വ്യാപക ആരോപണത്തിന് പിന്നാലെയാണ് ഇപ്പോഴുണ്ടായ കോടതി ഇടപെടല്‍.

അസോ. പ്രൊഫസര്‍ നിയമനത്തിന് എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം യു.ജി.സി ശമ്പളനിരക്കില്‍ ഉണ്ടായിരിക്കണം. നാഗലിംഗത്തിന് മധ്യപ്രദേശ് അമര്‍ഖന്ത് ഗോത്ര സര്‍വകലാശാലയില്‍ അഞ്ച് വര്‍ഷത്തെ പരിചയം മാത്രമാണുള്ളത്. പിന്നീട് അദ്ദേഹം കോയമ്പത്തൂര്‍ അമൃത സര്‍വകലാശാലയിലാണുണ്ടായത്. അവിടെ യു.ജി.സി സ്‌കെയിലിലല്ല ജോലിചെയ്തത്. പബ്ലിക്കേഷന്‍ യോഗ്യതയില്‍ യു.ജി.സി ലിസ്റ്റ് ചെയ്ത പ്രസിദ്ധീകരണങ്ങളില്‍ ഏഴെണ്ണം വേണം. എന്നാല്‍ നാഗലിംഗത്തിന് മതിയായ പ്രസിദ്ധീകരണങ്ങളില്ല.

അതേസമയം, സോഷ്യല്‍ വര്‍ക്ക് വകുപ്പില്‍ അസി. പ്രൊഫസറായി നിയമിക്കപ്പെട്ട പ്രൊഫ. രാജേന്ദ്ര ബൈക്കടിക്ക് ചട്ടവിരുദ്ധമായ ഓണ്‍ലൈന്‍ അഭിമുഖമാണ് നടന്നത്. അഭിമുഖത്തിന് എത്തുന്നതിന് നല്‍കിയ കത്തില്‍ ഓഫ്‌ലൈന്‍ എന്ന് പറഞ്ഞിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധന ഓണ്‍ലൈന്‍ വഴി നടത്താനാവില്ല.

സര്‍വകലാശാലയില്‍ 2015വരെ ഡെപ്യൂട്ടേഷനില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് അസോ. പ്രഫസറായിരുന്ന ഡോ. എസ്.ആര്‍. ജിതയെ പ്രതികാരബുദ്ധ്യാ തടഞ്ഞുവെന്നതാണ് മറ്റൊരു ആരോപണം. ഇപ്പോഴത്തെ ഡീന്‍ ഡോ. കെ. ജയപ്രസാദിനേക്കാള്‍ സ്‌കോര്‍ ഏറെ മുന്നിലായിരുന്നുവെങ്കിലും ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റായിരുന്നുവെന്ന നിലയില്‍ അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.

ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് ചെമ്പഴന്തി കോളജില്‍ ചേര്‍ന്ന ഡോ. എസ്.ആര്‍. ജിത ജയപ്രസാദിന്റെ നിയമനത്തിനെതിരെ നല്‍കിയ ഹരജിയില്‍ സര്‍വകലാശാലയില്‍തന്നെ തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

12 വര്‍ഷമായി ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറാണ് ഡോ. സോണി കുഞ്ഞപ്പന്‍. അദ്ദേഹത്തെ പരിഗണിക്കാതെ ഗുജറാത്ത് മോഡല്‍ ഓഫ് ഗവേണന്‍സിന്റെ വിജയഗാഥയില്‍ പഠനം നടത്തിയ ഡോ. ജി. ദുര്‍ഗാറാവുവിനാണ് നിയമനം നല്‍കിയത്. ഇയാള്‍ പി.എച്ച്.ഡി അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയില്ലെന്നാണ് ആരോപണം.

കേന്ദ്ര സര്‍വകലാശാല നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയതാല്‍പര്യം നിറഞ്ഞിരിക്കുന്നുവെന്നത് വ്യക്തമാണെന്ന് ഈ ആരോപണങ്ങള്‍ ശരിവെക്കുകയാണ്.

Content Highlight: Central University of Kerala ABVP Leader appointment blocked by High Court

We use cookies to give you the best possible experience. Learn more