തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം ഇന്ന് കൊല്ലത്തും ആലപ്പുഴയിലും സന്ദര്‍ശനം നടത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
സംഘാംഗങ്ങള്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സംഘം എത്തും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പിഴവുകള്‍, വാക്‌സിനേഷന്റെ വേഗം, സമ്പര്‍ക്കവ്യാപനം എന്നിവയെല്ലാം സംഘം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വലിയരീതിയില്‍ കൂടുന്നുണ്ടെന്നും എന്‍.സി.ഡി.സി.ആര്‍. ഡയരക്ടറുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തെ പറഞ്ഞിരുന്നു.