national news
ഫഡ്‌നാവിസിന്റെ രാജി തള്ളി കേന്ദ്രം; പവാർ വിഭാഗത്തിന്റെ സമ്മർദത്തിൽ ഉലഞ്ഞ് അജിത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 08, 03:34 am
Saturday, 8th June 2024, 9:04 am

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാരാഷ്ട്രയിലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കാനൊരുങ്ങിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രാജി തള്ളി കേന്ദ്രം. രാജി വെക്കുന്നത് അണികളുടെ ആത്മവീര്യം കെടുത്തുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫഡ്നാവിസിന്റെ രാജി കേന്ദ്രം തള്ളിയത്. ദൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മുതിർന്ന ബി.ജെ.പി നേതാവായ അമിത് ഷായാണ് ഇത് പറഞ്ഞത്.

അതേസമയം ബി.ജെ.പിയിലെ ചേരിപ്പോര് കാരണമാണ് ഫഡ്‌നാവിസ് രാജിക്കൊരുങ്ങിയതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മാത്രമല്ല സഖ്യകക്ഷികളായ ഏക്നാഥ് ഷിൻഡെയും അജിത് പവാറും കാര്യങ്ങൾ തീരുമാനിക്കുന്നത് അമിത് ഷായുമായി നേരിട്ടാണെന്നതും ഫഡ്നാവിസിനെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിന്റെ ദൽഹിയിലെ വസതിയിൽ വെച്ച് ഫഡ്‌നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച നടക്കുന്നത്.

രാജ്യസഭാംഗമായ പ്രഫുൽ പട്ടേലിന് വേണ്ടി കേന്ദ്രത്തിൽ കാബിനറ്റ് പദവിയും, എം.പി സുനിൽ തട്കറെക്ക് വേണ്ടി സഹമന്ത്രി പദവിയും അജിത് പവാർ ആവശ്യപ്പെട്ടു എന്നാണ് സൂചന. രണ്ട് ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവുമാണ് ഷിൻഡെ പക്ഷത്തിന്റെ ആവശ്യം. മകൻ ശ്രീകാന്ത് ഷിൻഡെയെ മന്ത്രിയാക്കാനാണ് ഷിൻഡെയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ഇരു പക്ഷങ്ങളിൽ നിന്നുമുള്ള എം.എൽ.എമാരുടെ കൊഴിഞ്ഞ് പോക്ക് അഭ്യൂഹമായി തുടരുന്നുണ്ട്. ഷിൻഡെ പക്ഷത്ത് നിന്ന് ആറ് എം.എൽ.എമാർ ഉദ്ധവ് പക്ഷത്തേക്ക് തിരികെ പോകുമെന്നാണ് പ്രചരിക്കുന്നത്. അജിത് പക്ഷത്തിൽ നിന്ന് 15ൽ അധികം പേർ കൊഴിഞ്ഞു പോകുമെന്നും വാർത്തകൾ വരുന്നുണ്ട്.

എം.എൽ.എമാരുടെ ചാഞ്ചാട്ടവും ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതവും അജിത് പവാറിനെ കുഴക്കുന്നുണ്ട്. ബാരമതിയിൽ മത്സരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്രക്ക് വിജയിക്കാനായിരുന്നില്ല. അജിത് എം.എൽ.എ ആയ ബാരമതി ടൗൺ മണ്ഡലത്തിൽ ശരദ് പവാറിന്റെ മകളായ സുപ്രിയ ആണ് വിജയിച്ചത്. 47000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സുപ്രിയക്ക് ലഭിച്ചത്. ഇതും അജിത്തിനൊരു തിരിച്ചടിയായായിരുന്നു. ശരദ് പവാർ പക്ഷത്തേക്ക് തിരിച്ച് പോകാൻ അജിത്തിന് സമ്മർദമുള്ളതായാണ് റിപ്പോർട്ടുകൾ.

Content Highlight: central rejects Deventhra’s resignation