| Thursday, 26th September 2024, 5:55 pm

പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 50തോളം മരുന്നുകള്‍ക്ക് നിലവാരമില്ല: സെന്‍ട്രല്‍ ഡ്രഗ് റെഗുലേറ്റര്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 50തിലധികം മരുന്നുകള്‍ നിലവാരമുള്ളതല്ലെന്ന് സെന്‍ട്രല്‍ ഡ്രഗ് റെഗുലേറ്റര്‍ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഓഗസ്റ്റിലെ ഡ്രഗ് അലേര്‍ട്ട് പ്രകാരമാണ് വിവിധ കമ്പനികളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്.

രാജ്യത്തെ സെന്‍ട്രല്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പാരസമെറ്റമോള്‍, പാന്‍ ഡി, കാല്‍സ്യം, വിറ്റമിന്‍ ഡി3, സപ്ലിമെന്റുകള്‍, പ്രമേഹത്തിനുള്ള മരുന്ന് എന്നിവ ഉള്‍പ്പെടെ 48 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

രാജ്യത്തെ ഡ്രഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ മാസവും നടത്തുന്ന റാന്റം സാംപ്ലിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഗുണനിലവാരത്തെ കുറിച്ചുള്ള അറിയിപ്പുകള്‍ ലഭ്യമാകുന്നത്.

ഹെറ്ററോ ഡ്രഗസ്, അല്‍കെം ലെബേറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്റ് ഫാര്‍മസിക്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയന്‍സസ്, പ്യുവര്‍ ആന്റ് ക്യൂര്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ കമ്പനികളാണ് ഇവയില്‍ ചില മരുന്നുകള്‍ നിര്‍മിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മറ്റ് അഞ്ച് മരുന്നുകള്‍ കൂടിയുണ്ടെന്നുള്ള മറ്റൊരു ലിസ്റ്റും പുറത്തുവന്നിരുന്നു.

എന്നാല്‍ കമ്പനികളെല്ലാം മരുന്നുകളുടെ ഉത്തരവാദിത്തം നിഷേധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരിശോധനയ്‌ക്കെടുത്ത മരുന്നുകള്‍ കൃത്യമായ ലേബലുള്ളതല്ലെന്നും വ്യാജ മരുന്നുകളാണെന്നുമാണ് ഒരു കമ്പനി പ്രതികരിച്ചത്. എങ്കിലും അന്വേഷണത്തില്‍ സഹകരിക്കുമെന്ന് വ്യക്തമാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: CENTRAL REGULATOR REPORT SAYS THAT ABOUT 50 DRUGS INCLUDING PARACETAMOL SUBSTANDERED

We use cookies to give you the best possible experience. Learn more