തിരുവനന്തപുരം: ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയെ പ്രതിരോധിക്കാന്‍ കേരളം മുന്‍കൈയെടുക്കുന്നു. ഇതിന്റെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകള്‍ തീരുമാനിക്കുന്നതിനായി ബി.ജെ.പി. ഇതരകക്ഷികള്‍ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.
ഹോട്ടല്‍ ഹയാത്ത് റിജന്‍സിയില്‍ രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹര്‍പാല്‍ സിങ് ചീമ, തമിഴ്നാട് ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍, മുന്‍ ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്ത് സാമ്പത്തിക ഫെഡറിലസം വലിയതോതില്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ചാസമ്മേളനത്തിന് കേരളം നേതൃത്വം നല്‍കുന്നത്. സംസ്ഥാനങ്ങള്‍ നേരിടുന്ന വികസന-ധനകാര്യ പ്രശ്നങ്ങള്‍ ഡോ. എ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
ആരോഗ്യപരമായ കേന്ദ്ര-സംസ്ഥാന ബന്ധത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യസുസ്ഥിരത അത്യാവശ്യമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ധന വിഭവങ്ങള്‍ ഇതില്‍ ഒരു പ്രധാനഘടകമാണ്. എന്നാല്‍, നീതിപൂര്‍വ്വമല്ലാത്ത ധനവിഭജന രീതികളിലൂടെ തികച്ചും വിഭിന്നമായ നിലപാടാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരുന്നു.
രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ 63 ശതമാനത്തോളം കേന്ദ്രത്തിനാണ് കിട്ടുന്നത്. കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്കായി വിഭജിക്കപ്പെടണം എന്നതാണ് പൊതുവില്‍ ഉയരുന്ന ആവശ്യം.
കേന്ദ്ര നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗം സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കേണ്ടതില്ലാത്ത നിലയില്‍ സമാഹരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. ഇതിനായി സെസ്, സര്‍ചാര്‍ജ് തുടങ്ങിയവ ആയുധമാക്കുന്നു. 2011-12ല്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ സെസ്, സര്‍ചാര്‍ജ് എന്നിവയുടെ പങ്ക് 9.4 ശതമാനമായിരുന്നു. 2022-23 അത് 22.8 ശതമാനമായി ഉയര്‍ന്നു.
സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കുന്ന പൊതു പൂളില്‍ ഉള്‍പ്പെടുന്നില്ല. ഇത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുന്നു. പതിനഞ്ചാം ധന കമ്മീഷന്‍ യൂണിയന്‍ സര്‍ക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.
ഫലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത് ഏകദേശം 29.6 ശതമാനം മാത്രം. ഇതിന് കാരണം ഉയര്‍ന്ന തോതിലുള്ള സെസും സര്‍ചാര്‍ജുമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല.
കേന്ദ്രധനവിഹിതത്തില്‍ കേരളത്തിന് വലിയ നഷ്ടം വരുന്ന ശുപാര്‍ശകളാണ് മുന്‍ ധനകാര്യകമ്മീഷനുകളില്‍നിന്ന് ഉണ്ടായത്. പത്താം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വിഹിതം 3.875 ശതമാനമായിരുന്നെങ്കില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചത് 1.92 ശതമാനം മാത്രമാണ്.
അതേസമയം, ഉത്തര്‍പ്രദേശിന് പത്താം ധനകാര്യ കമ്മീഷന്‍ നീക്കിവച്ചത് 17.8 ശതമാനമായിരുന്നെങ്കില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നീക്കിവച്ചത് 17.9 ശതമാനമാണ്. ഇത്തരത്തില്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ക്കും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളില്‍ വലിയ ധനനഷ്ടമാണുണ്ടായത്.
കേരളത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ വെറും 21 ശതമാനമാണ് കേന്ദ്രനികുതിവിഹിതമായി ലഭിക്കുന്നത്. ബാക്കി 79 ശതമാനവും സംസ്ഥാനം തന്നെ സമാഹരിക്കുന്ന നികുതിയാണ്. എന്നാല്‍ ദേശീയ ശരാശരി അനുസരിച്ച് ഒട്ടേറെ സംസ്ഥാനങ്ങള്‍ക്ക് മൊത്തം നികുതി വരുമാനത്തിന്റെ ശരാശരി 65 ശതമാനം വരെ കേന്ദ്രനികുതിവിഹിതമായി ലഭിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിന് ശരാശരി 45 ശതമാനം വരെ ലഭിച്ചിരുന്ന കേന്ദ്ര നികുതി വിഹിതമാണ് ഇപ്പോള്‍ 21 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് അവകാശങ്ങളിലും ഇത്തരം വിവേചന നിലപാടുകള്‍ നിലനില്‍ക്കുന്നു.
ധനകാര്യ കമ്മീഷന്‍ മാനദണ്ഡരൂപീകരണം മൂലം ചില സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വലിയ വരുമാനനഷ്ടം പരിഹരിക്കാന്‍ എന്ന പേരില്‍ നിര്‍ദേശിച്ച റെവന്യു കമ്മി ഗ്രാന്റും മതിയായ നഷ്ട പരിഹാരമായില്ല. അര്‍ഹതപ്പെട്ട നിലയില്‍ നികുതിവിഹിതം തുടര്‍ന്നും ലഭിച്ചേ മതിയാകൂ.
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റിലും കാലികമായ വര്‍ധന ആവശ്യമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന കേരളത്തിന് പ്രത്യേക അധിക സഹായത്തിനും അര്‍ഹതയുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ സാമ്പത്തിക വിവേചനം നേരിടേണ്ടിവരുന്നു. ഇക്കാര്യങ്ങളെല്ലാം ധനകാര്യമന്ത്രിമാരുടെ കോണ്‍ക്ലേവിന്റെ ചര്‍ച്ചയുടെ ഭാഗമാകും.
സാമ്പത്തിക, വികസന വിഷയങ്ങളില്‍ ചര്‍ച്ച നയിക്കുന്നത് അന്താരാഷ്ട്ര അംഗീകാരമുള്ള സംസ്ഥാന ധന വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന കോണ്‍ക്ലേവില്‍ ചര്‍ച്ചകള്‍ നയിക്കുക. കേരള ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിഷയം അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രത്യേക പ്രഭാഷണം നിര്‍വഹിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനകാര്യമന്ത്രിമാര്‍ക്ക് പുറമെ തെലങ്കാന സ്പെഷ്യല്‍ ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു, കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി എല്‍.കെ അതീഖ്, തമിഴ്നാട് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ഉദയചന്ദ്രന്‍, പഞ്ചാബ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അജോയ് കുമാര്‍ സിന്‍ഹ,
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖരന്‍, നാലാം സംസ്ഥാന ധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം.എ ഉമ്മന്‍, സാമ്പത്തിക വിദഗ്ധന്‍മാരായ പ്രൊഫ. പ്രഭാത് പട്നായിക്,
പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമര്‍പ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ഡോ. സി.പി ചന്ദ്രശേഖര്‍, ഡോ. ജയതി ഘോഷ്, ഡോ. സുശീല്‍ ഖന്ന, പതിനാലാം ധനകാര്യ കമ്മീഷന്‍ അംഗങ്ങളായ ഡോ. സുപിപ്തോ മണ്ഡല്‍, ഡോ. എം. ഗോവിന്ദ റാവു, പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ അംഗം ഡോ. ഡി.കെ ശ്രീവാസ്തവ,
റാം മനോഹര്‍ റെഡ്ഡി, തമിഴ്നാട് സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗം പ്രൊഫ. ആര്‍. ശ്രീനിവാസന്‍. റിട്ട. ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ ആര്‍. മോഹന്‍, ഡോ. പിനാകി ചക്രവര്‍ത്തി, പ്രൊഫ. കെ.എന്‍ ഹരിലാല്‍, സിഡിഎസ് ഡയറക്ടര്‍ ഡോ. സി. വീരമണി, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ ജോസഫ്,
എന്‍.ഐ.പി.എഫ്പിയിലെ പ്രൊഫസര്‍ ലേഖ ചക്രബര്‍ത്തി, കേരള കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡോ. പി. ഷഹീന, കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-ഏക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിലെ ഫെല്ലൊ ഡോ. രാഖി തിമോത്തി തുടങ്ങിയവരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.
CONTENT HIGHLIGHTS: Central neglect of non-BJP states; To defend Kerala, ministers of five states will meet in Thiruvananthapuram