കോഴിക്കോട്: കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധിച്ചതില്‍ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ കേസ്. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിനാണ് കേസ്.
കോഴിക്കോട് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. നിഖില്‍, കെ.കെ. ദിനേശ്. കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് കേസ്.
ടൗണ്‍ പൊലീസിന്റേതാണ് നടപടി. ഗതാഗതം തടസപ്പെടുത്തരുതെന്ന് എസ്.എച്ച്.ഒ നേരത്തെ അറിയിച്ചിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. കോഴിക്കോട് ടൗണ്‍ ഹാളിന് മുന്നിലൂടെ മാനാഞ്ചിറ വഴിയാണ് ആദായ നികുതി ഓഫീസിലേക്ക് സി.പി.ഐ.എം മാര്‍ച്ച് നടത്തിയത്.
അതേസമയം സമരത്തില്‍ പങ്കെടുത്ത എ. വിജയരാഘവന്‍, എം. മെഹബൂബ്, പി. മോഹനന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
ഇന്നലെ (ചൊവ്വ) സംസ്ഥാനത്തുടനീളമായി കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം കേന്ദ്ര ഓഫീസുകള്‍ ഉപരോധിച്ചിരുന്നു.
കേരളം മുന്നോട്ടുവെക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും തടഞ്ഞുവെക്കുകയും വെട്ടിച്ചുരുക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്ര അവഗണന പല ഘട്ടങ്ങളിലും കേരളത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിന്റെ ആഴവും പരപ്പും പലമടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്നും സി.പി.ഐ.എം പറഞ്ഞിരുന്നു. നവ ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരെ ജനക്ഷേമത്തിലും വികസനത്തിലും ഊന്നിയ വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്നും സി.പി.ഐ.എം പ്രതികരിച്ചിരുന്നു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍, ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ സമരം നടക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ മാര്‍ച്ച് നാലിനായിരിക്കും സി.പി.ഐ.എമ്മിന്റെ ഉപരോധം.
Content Highlight: central neglect; Case against CPIM leaders in income tax office siege