ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
തമിഴ്‌നാട്ടില്‍ ‘തയിര്’ എന്നും കര്‍ണാടകയില്‍ ‘മൊസര്’ എന്നും എഴുതുന്നതിന് പകരം ഇനിമുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദി വാക്കായ ‘ദഹി’ എന്ന് ചേര്‍ക്കാനാണ് ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നത്.
തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് തമിഴ് നാട്ടില്‍ നിന്നും ഉയര്‍ന്ന് വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തിരമായി തീരുമാനം പിന്‍വലിച്ച് കൊണ്ട് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.
നേരത്തെ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട്ടിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. തങ്ങളുടെ മാതൃഭാഷയെ അവഹേളിക്കാന്‍ ശ്രമിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്ന് ആട്ടിയോടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘തമിഴ് മക്കളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാണം കെട്ട ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. തൈര് പാക്കറ്റില്‍ വരെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന തരത്തിലത് വളര്‍ന്ന് കഴിഞ്ഞു. സ്വന്തം നാട്ടില്‍ തമിഴരുടെയും കന്നടക്കാരുടെയും മാതൃഭാഷയെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തമിഴ് നാട്ടില്‍ വെച്ച് തമിഴിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതാരായാലും അവരെ ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെ ആട്ടിയോടിക്കും,’ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
The unabashed insistences of #HindiImposition have come to the extent of directing us to label even a curd packet in Hindi, relegating Tamil & Kannada in our own states.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലയും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കാനുള്ള പോളിസികള്‍ക്ക് എതിരാണ് പുതിയ നിര്‍ദേശമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധം കനത്തതോടെ തയിര്, മൊസര്‍ എന്നീ വാക്കുകള്‍ പാക്കറ്റിന് മുകളില്‍ ബ്രാക്കറ്റിലായി ചേര്‍ക്കാമെന്ന വാദവുമായി ഭക്ഷ്യ സുരക്ഷ വകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശവും തള്ളിയ തമിഴ് ജനത പ്രതിഷേധം കനപ്പിച്ചതോടൊയാണ് തീരുമാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
Content Highlight: central ministry withdraw decision on curd